പേരാമ്പ്ര: പേരാമ്പ്രയിൽ യുഡിഎഫ് -സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ വൻ സംഘർഷം. ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്. സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. കണ്ണീർവാതക പ്രയോഗത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റു. കൂടാതെ ലാത്തിച്ചാർജിൽ ഡി സി സി പ്രസിഡൻ്റ് ഉൾപ്പടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം – യുഡി എഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സികെജി കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച എസ്എഫ്ഐ- കെ എസ് യു സംഘർഷം ഉ ണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താലും ആചരിച്ചിരുന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പൊലീസിന്റെയും മുഖമെന്ന് ടി സിദ്ദിഖ് എംഎല്‍എ. മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകൻ്റെ ചിത്രം പങ്കുവെച്ചാണ് വിമർശനം. ഇതിവിടെ തീരില്ല, ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്റെയും പൊലീസിന്റെയും മുഖം; പോരാളിയുടേതല്ല- ടി സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. സിപിഎം പ്രവർത്തകർ ആയുധവുമായി നിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രതിഷേധം ഡിവൈഎസ്പി തടഞ്ഞത്. പ്രവർത്തകരെ ശാന്തരാക്കാനാണ് ഷാഫി പറമ്പിൽ എംപിയും താനും എത്തിയതെന്നും പ്രവീൺ കുമാർ പറഞ്ഞു.
ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് രാത്രി 10 മണിയോടെ സെക്രട്ടറിയേറ്റ് മാർച്ചും നടത്തും.
















