കൊച്ചി: ഐടി മേഖലയിലും മറ്റുമായി നിരവധി മലയാളികളാണ് ബംഗളൂരുവിൽ ജോലി ചെയ്യുന്നത്. നവംബർ പകുതിയോടെ കേരളത്തിലെത്തുന്ന മൂന്നാം വന്ദേ ഭാരത് ഇവർക്ക് ആശ്വാസമാകും. ക്രമീകരണങ്ങൾ കൃത്യമായി ചെയ്താൽ രാവിലെ ബംഗളൂരുവിൽ നിന്നിറങ്ങിയാൽ ഉച്ചയോടെ എറണാകുളത്തെത്താം. പക്ഷേ ഉച്ചയ്ക്ക് തന്നെ തിരികെ പുറപ്പെട്ടാൽ മാത്രമേ വേഗ നിയന്ത്രണമുള്ള ഭാഗങ്ങൾ തടസ്സമില്ലാതെ കടക്കാൻ വന്ദേ ഭാരതിനാകൂ.
നിലവിൽ ഉത്സവ സീസണിൽ ‘അടുക്കാൻ കഴിയാത്ത’ തിരക്കാണ് ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ. ബസ്സുകളാകട്ടെ അമിത നിരക്ക് ഈടാക്കുകയും ചെയ്യുന്നു. വന്ദേ ഭാരത് യാഥാർഥ്യമായാൽ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കൂടുതൽ വേഗം കൈവരിക്കും, ഒപ്പം സുരക്ഷിതവും. ജോലിക്കാർക്കു മാത്രമല്ല ചെറു സംരഭകർക്കും ഇത് ആശ്വാസമാണ്.
എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിച്ചാലേ വന്ദേ ഭാരത് കേരളത്തിലെത്തൂ. നിലവിൽ പാലക്കാട് മുതൽ കോയമ്പത്തൂർ വരെയുള്ള ഭാഗങ്ങളിൽ റെയിൽവേയ്ക്ക് രാത്രിയിൽ വേഗ നിയന്ത്രണമുണ്ട്. ഇതാണ് വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നതിനുള്ള പ്രധാന തടസ്സം. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാണ് പുതിയ വന്ദേ ഭാരത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഔദ്യോഗിക അറിയിപ്പുകൾ ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും എന്നാണറിയുന്നത്.
















