Homepage Featured Kerala News

നാട്ടിലെ ഉദ്ഘാടനങ്ങൾക്കിപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി; സദാചാര പ്രസം​ഗവുമായി യു പ്രതിഭ എംഎൽഎ

ആലപ്പുഴ: സാംസ്കാരിക പരിപാടിയിൽ സദാചാര പ്രസം​ഗവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. നാട്ടിലെ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതി എന്നാണ് എംഎൽഎ യു പ്രതിഭ പറഞ്ഞത്. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് വിവാദ പ്രസംഗം നടത്തിയത്.

”സമൂഹത്തിന് സിനിമ താരങ്ങളോട് ഒരു തരം ഭ്രാന്താണ്. എന്തിനാണെന്ന മനസ്സിലാകുന്നില്ല. കട ഉദ്​ഘാടനങ്ങൾക്ക് സിനിമ താരങ്ങളെ, അതു ഉടുപ്പിടാത്ത സിനിമ താരങ്ങളെ കൊണ്ടുവരുന്നു. തുണിയുടുക്കാതെ ഒരാൾ വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണ്” എന്നും യു പ്രതിഭ പറഞ്ഞു. തുണിയുടുക്കാതെ ഒരാൾ വന്നാൽ അത് നിർത്താൻ പറയണമെന്നും അവരോട് തുണിയുടുത്ത് വരാൻ ജനങ്ങൾ പറയണമെന്നുമാണ് യു പ്രതിഭ പറഞ്ഞത്. മാന്യമായി വസ്ത്രധാരണമാണ് സമൂഹത്തിൽ വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കി. ഇത് സദാചാരം എന്ന് പറഞ്ഞ് തന്റെ നേരെ വരരുതെന്നും പ്രതിഭ കൂട്ടിചേർത്തു.

അതേസമയം മോഹൻലാലിന്റെ ടെലിവിഷൻ ഷോയ്ക്കും എതിരെയും എംഎൽഎ വിമർശനമുയർത്തി. മോഹൻലാൽ അവതരിപ്പിക്കുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും, അതിൽ മറ്റ് ആളുകൾ ഉറങ്ങുമ്പോൾ അവരെ ഒളിച്ച് നിരീക്ഷിക്കുകയും, അവരുടെ വസ്ത്രധാരണത്തെ കുറിച്ച് പരാമർശങ്ങളും നടത്തുകയാണെന്നും യു. പ്രതിഭ ആരോപിച്ചു. ‘അനശ്വരനടൻ’ എന്ന് ജനങ്ങൾ വിളിക്കുന്ന വ്യക്തിയാണ് ഈ പരിപാടി നടത്തുന്നതെന്നും പ്രതിഭ പറഞ്ഞു. ജനാധിപത്യത്തിൽ താരരാജാക്കന്മാരല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന യഥാർത്ഥ മനുഷ്യർക്കാണ് സ്ഥാനം ലഭിക്കേണ്ടതെന്നും ധൈര്യത്തോടെ പറയാൻ സമൂഹം തയ്യാറാകണമെന്നും യു പ്രതിഭ അഭിപ്രായപ്പെട്ടു.

Related Posts