Homepage Featured News World

​ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഭാ​ഗികമായി പിൻമാറി, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ മോചിതരായേക്കും

ടെൽ അവീവ്: ​ഗാസയിൽ നിന്ന് ഭാ​ഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം.

കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ മൃതദേഹങ്ങളാകും ഹമാസ് ഇസ്രായേലിന് കൈമാറുക. 72 മണിക്കൂറിനുള്ളിൽ ഈ കൈമാറ്റം പൂർത്തിയാകും.

അതേസമയം കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്‌നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രായേൽ പറഞ്ഞു. ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളും വ്യോമാക്രമണങ്ങളും തുടർന്നതായും ഇസ്രായേൽ പറയുന്നു. കരാർ വ്യവസ്ഥകൾ പാലിക്കാൻ ഹമാസ് ബാധ്യസ്ഥമാണെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

എങ്കിലും ആ​ഗോള തലത്തിലുള്ള സമ്മർദ്ദം ശക്തമായ സാഹചര്യത്തിൽ രണ്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിക്കുമെന്നാണ് പ്രതീക്ഷ. ഈജിപ്തിലെ കെയ്റോയിൽ നടന്ന സമാധാന ചർച്ചയിലാണ് വെടിനിർത്താൻ ധാരണയായത്. 2023 ഒക്ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസം മുൻപാണ് സമാധാന ചർച്ചകൾക്ക് തുടക്കമിട്ടത്.

2023 ൽ ഹമാസിന്റെ ആക്രമണത്തിൽ തുടർന്ന് ഏകദേശം 1,139 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്. രണ്ട് വർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ 67,160 പേരാണ് ​ഗാസയിൽ കൊല്ലപ്പെട്ടത്. ഏതായാലും ഇസ്രായേലിന്റെ ആക്രമണം ഭയന്ന് നാടും വീടുമുപേക്ഷിച്ച് പോയ ​പലസ്തീൻകാർ യുദ്ധമവസാനിക്കുന്ന വാർത്തകൾ പുറത്തുവന്നതോടെ ​നാട്ടിലേക്ക് മടങ്ങുകയാണ്.

Related Posts