കണ്ണൂർ: ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ വളപട്ടണം പോലീസ് സബ് ഇന്‍സ്പെക്ടറെ കാർ ഇടിച്ചു. ബോണറ്റിന് മുകളില്‍ വീണ എസ്ഐ ടി.എം. വിപിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു വിപിൻ. പാപ്പിനിശ്ശേരി ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് അമിത വേഗത്തിൽ വരികയായിരുന്ന കാർ പോലീസ് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കാർ എസ്ഐയെ ഇടിച്ച് മുന്നോട്ടു പോകുകയായിരുന്നു.
തുടർന്ന് ബോണറ്റിൽ തൂങ്ങിക്കിടന്ന എസ്ഐ കാർ നിർത്താൻ ഉറക്കെ വിളിച്ചു പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. എതിരെ വന്ന ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ട് കാർ മതിലിൽ ഇടിച്ചു നിന്നപ്പോൾ എസ്ഐ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
എസ്ഐ വിപിൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. വാഹനം ഓടിച്ചിരുന്നത് ഫാസിൽ അബ്ദുൾ ഗഫൂർ എന്ന വ്യക്തിയായിരുന്നു. ഇയാൾക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി.
കാര്‍ ഓടിച്ച മാടായി നഫീസ മന്‍സിലില്‍ കെ. ഫായിസ് അബ്ദുള്‍ ഗഫൂര്‍ (23), കൂടെയുണ്ടായിരുന്ന മാട്ടൂല്‍ നോര്‍ത്ത് പി.പി.കെ. ഹൗസില്‍ പി.പി. നിയാസ് (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലേക്ക് പോകവെ ഒരു രേഖ എടുക്കാന്‍ മറന്ന് വെപ്രാളപ്പെട്ട് വീട്ടില്‍പോയി തിരിച്ചുവരികയായിരുന്നു യുവാക്കള്‍. ഇതിനു പിന്നാലെയുണ്ടായിരുന്ന മറ്റൊരു കാറും അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
















