Homepage Featured India News

സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടാന്‍ എഐ; ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുമായി റിസർവ് ബാങ്ക്

മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആര്‍ബിഐ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ നീക്കം. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും മുമ്പ് എഐ സഹായത്തോടെ ഈ പ്ലാറ്റ്ഫോം റിപ്പോര്‍ട്ട് ചെയ്യും.

രാജ്യത്തെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഫിൻടെക് ആവാസവ്യവസ്ഥയുടെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ പ്ലാറ്റ്‌ഫോം എന്നും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. മുതിർന്ന പൗരന്മാർ, പരിമിതമായ ഡിജിറ്റൽ സാക്ഷരതയുള്ള വ്യക്തികൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഉത്പന്നങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്യണമെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ഫിൻടെക് സ്ഥാപനങ്ങളോട് പറഞ്ഞു.

മ്യൂൾ അക്കൗണ്ടുകൾ, ടെലികോം, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങി നിരവധി ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ഈ ഡാറ്റയിൽ ഒരു എഐ സിസ്റ്റത്തെ വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ആർബിഐയുടെ അടിസ്ഥാന ആശയം. ഇത് തട്ടിപ്പുകളുടെ എണ്ണം കുറയ്ക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തിൽ, 520 കോടി രൂപയുടെ 13,516 കാർഡ്, ഇന്റർനെറ്റ് തട്ടിപ്പുകൾ ബാങ്കുകൾ റിപ്പോർട്ട് ചെയ്തു. കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ ചാനലുകൾ വഴിയാണ് മിക്ക തട്ടിപ്പുകളും നടന്നത്. ഈ ഡിജിറ്റൽ തട്ടിപ്പുകളിൽ ഭൂരിഭാഗവും സ്വകാര്യമേഖലാ ബാങ്കുകളിലാണ് നടന്നിരിക്കുന്നത്.

വഞ്ചനാപരമായ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകൾ ഉടനടി തിരിച്ചറിയാനും ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തടയാനും സഹായിക്കുന്ന പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. എഐ അധിഷ്‌ഠിതമായാണ് ഈ പ്ലാറ്റ്‌ഫോം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദശകത്തിൽ 10,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ടെന്നും ഈ വിഭാഗത്തിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടന്നിട്ടുണ്ടെന്നും രാജ്യത്തെ ഫിൻടെക് ഇക്കോസിസ്റ്റത്തെ പ്രശംസിച്ചുകൊണ്ട് സഞ്ജയ് മൽഹോത്ര പറഞ്ഞു. ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം, സർക്കാർ നയങ്ങൾ, സാങ്കേതിക പ്രതിഭകളുടെ വലിയൊരു കൂട്ടം എന്നിവയാണ് ഡിജിറ്റലൈസേഷനിൽ രാജ്യത്തിന്‍റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ എന്നും അദേഹം വ്യക്തമാക്കി.
.

Related Posts