Homepage Featured Kerala News

ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധദിനം സംഘടിപ്പിക്കും: കെജിഎംഒഎ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്‌ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഇന്ന് പണി മുടക്കും. എന്നാൽ ആശുപത്രികളിലെ അത്യാഹിത വിഭാ​ഗം പ്രവർത്തിക്കും. മറ്റ് ജില്ലകളിൽ പണ് മുടക്കില്ലെന്നും ഒപി സേവനങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

രണ്ടു വർഷം മുമ്പ് ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. നിയമം കൊണ്ടുവന്നെങ്കിലും ആക്രമണം തുടരുന്നതായി ഡോക്ടർമാർ പറയുന്നു. ഈ പാശ്ചാത്തലത്തിൽ സിഐഎസ്എഫിനു സമാനമായി സംസ്ഥാനത്ത് സെക്യൂരിറ്റി സംവിധാനം കൊണ്ടു വരണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഒരു കേസിൽ സർക്കാർ ഹൈക്കോടതിയിൽ ഇത് കൊണ്ടുവരാമെന്ന് സത്യവാങ്മൂലം നൽകിയിരുന്നതായും എന്നാൽ സർക്കാർ ഇതുവരെ ഇത് നടപ്പാക്കിയില്ലെന്നും ഡോക്ടർമാർ ആരോപിക്കുന്നു.

ഐഎംഎയും ഇന്ന് ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വിപിന്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു.

ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് സനൂപ് കുട്ടിയുമായി ആദ്യമെത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് കുട്ടിയുടെ ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം സംഭവത്തിൽ താമരശ്ശേരി പോലീസ് കുട്ടിയുടെ പിതാവ് സനൂപിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതിനും മാരക ആയുധമുപയോ​ഗിച്ച് പരിക്കേൽപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.

Related Posts