Homepage Featured Kerala News

ആംബുലൻസ് വന്നത് ശ്രീജിത്ത് മരിച്ച് മൂന്ന് മിനിറ്റ് കഴിഞ്ഞ്; ഗുരുതര അനാസ്ഥയിൽ കേസ്സെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ : റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുന്നതിൽ കാലതാമസമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിലാണ് അന്വേഷണം.

15 മിനിറ്റ് മുമ്പെങ്കിലും ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്ന വിലയിരുത്തലിൻ്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറും പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരും സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഹൈദരാബാദിൽ നിന്നും ചാലക്കുടിയിലേക്ക് ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്ത്. ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശൂരിൽ മാത്രം നിർത്താൻ കഴിയുകയുള്ളൂവെന്ന് പറഞ്ഞു. പിന്നീട് മുളങ്കുന്നത്തുകാവില ഇറക്കി. നെഞ്ചുവേദനയുമായി യുവാവ് എത്തുന്ന വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചെങ്കിലും വീൽചെയർ പോലും ഒരുക്കിയിരുന്നില്ല.

യുവാവ് 25 മിനിറ്റ് നേരം പ്ലാറ്റ്ഫോമിൽ കിടന്നു. നാട്ടുകാർ സംഘടിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ പ്ലാറ്റ്ഫോമിലെത്തി. സി.പി.ആർ. നൽകിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസെത്തുന്നതിന് 3 മിനിറ്റ് മുമ്പ് വരെ യുവാവിന് പൾസ് ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Related Posts