Homepage Featured Kerala News

ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര; ഗ്രൂപ്പിൽ 3,180 വയോജനങ്ങൾ

മലപ്പുറം: ലോക റെക്കോർഡിട്ട് ഒരു ഉല്ലാസയാത്ര. അതും വയോജനങ്ങൾ മാത്രം ഉൾപ്പെട്ട ഒരു ഗ്രൂപ്പുമായുള്ള യാത്ര എന്നതാണ് സവിശേഷത. മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്രയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉല്ലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളിൽ തിരിച്ചെത്തി.

40 വാർഡുകളിൽ നിന്നുമായി 83 ബസ്സുകളിൽ ആണ് യാത്ര സംഘം ഉല്ലാസ യാത്ര പൂർത്തിയാക്കിയത് 60 വയസ്സ് മുതൽ 100 വയസ്സിലേക്ക് എത്തുന്നവർ ഉൾപ്പടെ ഉള്ളവർ ഊർജ്ജസ്വലതയോടെയാണ് യാത്രയിൽ പങ്കാളികളായത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.‌

ആലത്തൂർ പടി സ്വദേശി 104 വയ്യസ്സുള്ള അണ്ടിക്കാടൻ ഹലീമ പതാക ചെയർമാൻ മുജീബ് കാടെരിക്ക് നൽകിയാണ് യാത്ര തുടക്കം കുറിച്ചത്. വയനാട് പൂക്കോട് തടാകം, കാരാപ്പുഴ ഡാം തുടങ്ങിയവ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിൽ സംഘം സന്ദർശനം നടത്തി. പങ്കെടുത്ത മുഴുവൻ യാത്ര അംഗങ്ങൾക്കും ഉദ്ഘടാന സമയം നൽകിയ വർണ്ണ കുടകൾ ഒരേസമയം തുറന്ന് ആഹ്ലാദം പ്രകടിപ്പിച്ചാണ് യാത്ര ആരംഭിച്ചത്.

യാത്രയിൽ പങ്കെടുത്ത വയോജനങ്ങൾക്ക് യാത്ര ചിലവ്, ഭക്ഷണം, വിനോദ കേന്ദ്രങ്ങളിലെ പ്രവേശന ഫീസുകൾ, മറ്റു പൊതുവായ ചിലവുകൾ ഉൾപ്പെടെ മുഴുവൻ തുകകളും നഗരസഭയാണ് വഹിച്ചത്. കൂടാതെ യാത്രയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വർണ്ണ കുടകളും ഗിഫ്റ്റുകളും നഗരസഭ സ്പോൺസർഷിപ്പ് മുഖാന്തിരം കണ്ടെത്തിയാണ് നൽകിയത്. ലോകത്ത് നിലവിൽ രേഖപ്പെടുത്തിയ വയോജന ഉല്ലാസ യാത്രയിൽ ലോക റെക്കോർഡ് ബുക്കിലും ഈ വയോജന യാത്ര ഇടം നേടി.

രാവിലെ കോട്ടക്കുന്നിൽ നിന്നും ആരംഭിച്ച ഏഴര മണിയോടെ അരീക്കോട് പ്രത്യേകം തയ്യാറാക്കിയ രണ്ട് ഓഡിറ്റോറിയങ്ങളിൽ പ്രഭാത ഭക്ഷണം. ശേഷം വയനാട് മുട്ടിൽ ഓഡിറ്റോറിയത്തിൽ ഉച്ചഭക്ഷണവും പ്രഭാത ഭക്ഷണം നൽകിയ അതേ ഓഡിറ്റോറിയങ്ങളിൽ രാത്രി ഭക്ഷണവും നൽകിയാണ് യാത്ര പൂർത്തീകരിച്ചത്.

Related Posts