Homepage Featured Kerala News

ഡോക്ടർക്ക് വെട്ടേറ്റ സംഭവം; അപലപിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായത് അത്യന്തം അപലപനിയവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായ അക്രമമാണെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പ്രതികരിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തി പിതാവ് സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. തന്റെ മറ്റു രണ്ടു കുട്ടികളുമായി എത്തിയ ശേഷം സനൂപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സൂപ്രണ്ടിനെ അന്വേഷിച്ചാണ് ഇയാൾ ആദ്യം എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. വളരെ പെട്ടെന്നുള്ള ആക്രമണമായിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ മരണകാരണം എന്തെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും സനൂപും കുടുംബവും ആരോപിക്കുന്നു.

ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് സനൂപ് കുട്ടിയുമായി ആദ്യമെത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് കുട്ടിയുടെ ആരോ​ഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ഡോക്ടറെ വെട്ടിയ സംഭവത്തിൽ താമരശ്ശേരി പോലീസ് കുട്ടിയുടെ പിതാവ് സനൂപ് വധശ്രമത്തിന് കേസെടുത്തു. ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതിനും മാരക ആയുധമുപയോ​ഗിച്ച് പരിക്കേൽപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. ആരോ​ഗ്യ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിഎംഒ അറിയിച്ചു. കെജിഎംഒ നാളെ പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് അത്യാഹിത വിഭാ​ഗത്തിലൊഴികെ എല്ലാ വിഭാ​ഗത്തിലും ഡോക്ടർമാർ പണിമുടക്കും. അതേസമയം മറ്റു ജില്ലകളിൽ പ്രതിഷേധ ദിനത്തിൽ പണിമുടക്കില്ല.

Related Posts