താമരശ്ശേരി: മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച് പിതാവ്. 9 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചെത്തിയ പിതാവ് സനൂപാണ് ഡോക്ടർ വിപിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഡോക്ടർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ടു കുട്ടികളുമായി എത്തിയ ശേഷം സനൂപ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സൂപ്രണ്ടിനെ അന്വേഷിച്ചാണ് ഇയാൾ ആദ്യം എത്തിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
ആഗസ്റ്റ് 14-നാണ് സനൂപിൻ്റെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെത്തുടർന്ന് സനൂപ് കുട്ടിയുമായി ആദ്യമെത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.
കുട്ടി മരിച്ച സംഭവത്തിൽ കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് സനൂപ് ആരോപിച്ചിരുന്നു.
നിരന്തരമായി രോഗികളുടെ കുടുംബങ്ങളിൽ നിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ ഡോക്ടർമാർ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് ജോലിസ്ഥലത്ത് സുരക്ഷയൊരുക്കുന്നതിൽ സർക്കാരിന്റെ പരാജയമാണ് ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിഷയത്തിൽ പരക്കെ ഉയരുന്ന ആക്ഷേപം. അതേസമയം ഡോക്ടർ വിപിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഴത്തിലുള്ള മുറിവാണ് വിപിന്റെ തലയ്ക്കേറ്റത്. ഡോക്ടറെ ആശുപത്രിയിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സിടി സ്കാൻ നടത്തി തലയ്ക്കേറ്റ പരിക്കിൽ ശസ്ത്രക്രിയ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
















