മലപ്പുറം: സർവീസ് ബുക്ക് തിരുത്തി പെൻഷൻ തരപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് തവനൂർ എംഎൽഎ കെ.ടി ജലീലിനെതിരെ ഗവർണർക്ക് പരാതി. അനർഹമായി പെൻഷൻ നേടാൻ ഭരണ സ്വാധീനം ഉപയോഗിച്ച് ശ്രമിച്ചത് നിയമസഭാ സാമാജികൻ എന്ന നിലയ്ക്ക് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് എംഎൽഎയും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ജലീലിനെ അയോഗ്യനാക്കണമെന്ന് കാണിച്ച് പരാതി നൽകിയത്. ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവർക്ക് സർവീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ടും പരാതി നൽകിയിട്ടുണ്ട്.
കെ.ടി ജലീൽ 1994 നവംബർ 16 മുതൽ 2006 മേയ് 31 വരെ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ അധ്യാപകനായിരുന്നു. പിന്നീട് എംഎൽഎ സ്ഥാനം ലഭിച്ചതോടെ അവധിയെടുക്കുകയും 2021ൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായതോടെ മാർച്ച് 12ന് ജോലി രാജി വെക്കുകയും ചെയ്തിരുന്നു. സ്ഥാപമത്തിന്റെ മാനേജർ രാജി അപേക്ഷ സ്വീകരിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. 2024 ഓഗസ്റ്റ് 13ന് പിഎഫ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വാങ്ങി ജലീലിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തു. എന്നാൽ, 2024 നവംബർ 14ന് ഓഗസ്റ്റിൽ നൽകിയ രാജി റിലീവ് ചെയ്യണം എന്നാവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. ഉദ്യോഗസ്ഥർ സർവീസ് ബുക്കിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് അറിയിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് സർവീസ് ബുക്ക് കൈമാറാനുള്ള വഴികൾ കണ്ടെത്തുകയായിരുന്നു. ഇതനുസരിച്ച് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലുള്ള സർവീസ് ബുക്ക് തിരുത്തുന്നതിനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ജലീലിന്റെ കള്ളക്കളി പുറത്തായത് വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച മറുപടിയിലൂടെയാണെന്നും യു.എ റസാഖ് വ്യക്തമാക്കി.
















