പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല അഡ്മിനിസ്ട്രേറ്റർക്കെതിരെ ഇപ്പോഴുണ്ടായത് പ്രാഥമിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ എത്രയും പെട്ടെന്ന് തീർക്കണം. മണ്ഡലകാലത്തിനു മുമ്പ് ആവശ്യമായ നടപടിയെടുക്കണം. സ്വർണപ്പാളിയുള്ള ദ്വാരപാലക ശിൽപ്പങ്ങൾ മൂന്നാമതൊരു വ്യക്തിയുടെ കയ്യിൽ കൊടുത്തു വിടരുതെന്നു തന്നെയാണ് ദേവസ്വത്തിന്റെ നിലപാട്. വിശദമായ അന്വേഷണം നടക്കണം. ദേവസ്വം ബോർഡ് അധികൃതർക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ് എന്നാൽ അവരുടെ വീട്ടിലേക്ക് മാർച്ച് നടത്തുന്നത് ശരിയാണോ എന്ന് ഇത് നടത്തുന്നവർ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറായ ബി മുരാരി ബാബുവിന് സസ്പെൻഷൻ നൽകിയിരുന്നു. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനായിരുന്നു ദേവസ്വത്തിന്റെ സസ്പെൻഷൻ. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന്വരിൽ മുരാരി മാത്രമാണ് ഇപ്പോഴും സർവീസിലുള്ളത്. 2019 ലും 2024 ലും സ്വർണം പൂശാൻ പാളികൾ നൽകിയതിൽ ശബരിമല അഡ്മിനിസ്ട്രേറ്റർക്ക് പങ്കുണ്ടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
















