മുംബൈ: അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിട്ടും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഒഴുകുന്നത് തുടരുകയാണ്. സെപ്റ്റംബർ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്നുള്ള നിരന്തമായ സമ്മർദവും അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ അധിക തീരുവയും അവഗണിച്ചാണ് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നിലൊന്നും റഷ്യയിൽനിന്നാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അതായത് 33.8 ശതമാനം വരെ. എന്നാൽ ഏപ്രിൽ മാസത്തിലം ഇറക്കുമതിയായ 40.26 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു കുറവാണ്.
അതേസമയം 44 ശതമാനമാണ് മധ്യേഷ്യയിലെ പരമ്പരാഗത രാജ്യങ്ങളിൽനിന്നുള്ള മൊത്തം ഇറക്കുമതിയുടെ കണക്ക്. അമേരിക്കയുടെ സമ്മർദം ഫലമില്ലെന്ന് പറയാനാകില്ലെന്ന് കെപ്ലർ വ്യക്തമാക്കുന്നു. റഷ്യയിൽനിന്നുള്ള എണ്ണവിതരണത്തിൽ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദിവസേന 15.98 ലക്ഷം വീപ്പയോളം എണ്ണയാണ് ഇന്ത്യയിലേക്കെത്തുന്നത്, ഇത് ഓഗസ്റ്റിനെ അപേക്ഷിച്ച് ഏകദേശം പത്ത് ശതമാനം കുറവാണ്. അമേരിക്കൻ സമ്മർദത്തെ തുടർന്ന് ഇന്ത്യൻ എണ്ണസംസ്കരണ കമ്പനികൾ പുതിയ സ്രോതസ്സുകളിലേക്ക് മാറാൻ നിർബന്ധിതരാവുകയാണെന്നും കെപ്ലർ വിലയിരുത്തുന്നു.
















