India News

60 കോടി രൂപയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: അറുപത് കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശില്‍പ ഷെട്ടിയെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്ത് പൊലീസ്. മുംബൈ പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സസ് വിങാണ് നടിയെ ചോദ്യം ചെയ്തത്. ഏകദേശം നാലര മണിക്കൂർ ചോദ്യം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലീസ് ശിൽപ ഷെട്ടിയുടെ വസതിയിൽ എത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. ശിൽപ ഷെട്ടി ചോദ്യം ചെയ്യലിൽ സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. നടിയുടെ പരസ്യ കമ്പനി ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങളാണ് കൈമാറിയത്. മറ്റ് ചില പ്രധാന രേഖകളും താരം പൊലീസിന് കൈമാറിയിട്ടുണ്ട്. രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

നേരത്തേ ഇതേ കേസിൽ സെപ്റ്റംബർ മാസം ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയേയും ഇക്കണോമിക് ഒഫന്‍സസ് വിങ് ചോദ്യം ചെയ്തിരുന്നു. കേസില്‍ ശില്‍പ്പയ്ക്കും രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ തട്ടിപ്പിന് കേസെടുത്തത്. ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തി തന്റെ പക്കല്‍ നിന്ന് 60 കോടി രൂപയിലധികം തട്ടിയെടുത്തു എന്നാണ് ദീപക് കോത്താരിയുടെ പരാതി. ബിസിനസ് വിപുലീകരണത്തിനായി 2015-2023 കാലഘട്ടത്തിൽ നല്‍കിയ പണം ഇവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.

Related Posts