ന്യൂഡൽഹി: പൊതുമേഖല ജോലികളിൽ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ കാലതാമസത്തിൽ അതൃപ്തി അറിയിച്ച് ഡൽഹി ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് സംവരണം നടപ്പാക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമർശിച്ചു. 2014ൽ പുറത്തിറങ്ങിയ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംവരണ നയം നടപ്പാക്കാത്തതിനെ തുടർന്ന് കോടതി ഈ വിഷയം പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചു. ട്രാൻസ്ജെൻഡർ വ്യക്തി ഹൈക്കോടതിയിലെ കോർട്ട് അറ്റൻഡന്‍റ് തസ്തികയിലേക്കുള്ള നിയമനത്തിനായി സംവരണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപധ്യായ, ജസ്റ്റിസ് തുഷർ റാവു ഗഡേല എന്നിവരുൾപ്പെട്ട ബെഞ്ച് ദില്ലി സർക്കാരിനെ വിമർശിച്ചത്.
10 ദിവസത്തിനുള്ളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രായത്തിന്റെയും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇളവ് നൽകിക്കൊണ്ടുള്ള വിജ്ഞാപനം പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിൽ ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമം സംബന്ധിച്ച വിഷയമായതിനാൽ പൊതുതൽപര്യ ഹർജിയായി പരിഗണിക്കുന്നുവെന്നും കോടതി അറിയിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഈ വിഷയത്തിൽ വിപുലമായ തീർപ്പ് ആവശ്യമായതിനാൽ കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം സെക്രട്ടറിയേയും, ഡൽഹി സർക്കാരിന്‍റെ സാമൂഹ്യക്ഷേമ വകുപ്പിനെയും കക്ഷി ചേർക്കാനും കോടതി നിർദ്ദേശിച്ചു.
2014ലെ ‘നൽസ’ വിധിയിൽ സുപ്രീം കോടതി ട്രാൻസ്ജെൻഡർ വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും ഉള്ള ഉന്നമനത്തിന് പൊതുമേഖല സ്ഥാപനങ്ങളിൽ തൊഴിൽ സംവരണം നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ പൊതു മേഖലയിൽ ജോലി നൽകുന്ന കാര്യത്തിൽ സർക്കതാർ അത്തരമൊരു നയപരമായ തീരുമാനമെടുത്തിട്ടില്ല എന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിജ്ഞാപനം അനുസരിച്ച് ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് പ്രായത്തിൽ 5 വർഷത്തെയും, യോഗ്യത മാർക്കുകളുടെ 5 ശതമാനത്തിന്‍റെ ഇളവുകൾ നൽകിയിരുന്നുവെങ്കിലും സംവരണം ഏർപ്പെടുത്തിയിരുന്നില്ല. ഈ ഇളവുകൾ പോലും കൃത്യമായി ലഭിക്കുന്നില്ല എന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.
















