തിരുവനന്തപുരം: ഇക്കൊല്ലത്തെ ആദ്യ സൂപ്പർമൂൺ ഇന്ന് ദൃശ്യമാകും. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവുമടുത്ത് വരുന്നതിനാൽ രാത്രി ചന്ദ്രനെ സാധാരണയിലും വലുപ്പത്തിൽ കാണാൻ സാധിക്കുന്ന പ്രതിഭാസമാണ് സൂപ്പർമൂൺ. തെളിഞ്ഞ ആകാശമാണെങ്കിൽ ലോകത്ത് എവിടെ നിന്നും പ്രത്യേക ഉപകരണത്തിന്റെ സഹായമില്ലാതെ തന്നെ സൂപ്പർമൂൺ കാണാം.
ഇന്ന് ഭൂമിയിൽ നിന്ന് ഏകദേശം 224,600 മൈൽ(361,459 കിലോമീറ്റർ) ദൂരപരിധിയിലൂടെ ചന്ദ്രൻ കടന്നുപോകും. ഇന്ന് (2025 ഒക്ടോബര്‍ 6) വൈകുന്നേരം മുതൽ നാളെ പുലർച്ചെ വരെ ഇന്ത്യയിൽ സൂപ്പർമൂൺ ദൃശ്യമാകും. ഈ വർഷം നവംബറിലും ഡിസംബറിലും സൂപ്പർമൂൺ സംഭവിക്കും.
കൂടുതൽ വലുപ്പത്തിലും പ്രകാശത്തിലും ചന്ദ്രനെ കാണാമെന്നതിനാൽ ഫോട്ടോഗ്രാഫർമാർക്കും വാനനിരീക്ഷകർക്കും നല്ല അവസരമാണ് സൂപ്പർമൂണിൽ കൈവന്നിരിക്കുന്നത്. രാജ്യത്തെ മിക്കവാറും എല്ലാ നഗരങ്ങളിലും ഈ ആകാശവിസ്മയം കാണാന്‍ കഴിയും. ഉത്തരാര്‍ധഗോളത്തിലെ യൂറോപ്പ്, വടക്കേ അമേരിക്ക, യു.കെ, അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും സൂപ്പര്‍മൂണ്‍ ദൃശ്യമാകും.
2026 ൽ രണ്ട് ചന്ദ്രഗ്രഹണങ്ങളാണ് ഉണ്ടാകുക. മാര്‍ച്ചില്‍ വടക്കേ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണവും ഓഗസ്റ്റില്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഭാഗിക ചന്ദ്രഗ്രഹണവുമാകും ദൃശ്യമാകുക.
















