Homepage Featured Kerala News

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: രണ്ട് ഡോക്‌ടർമാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു

പാലക്കാട്: കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർമാർക്ക് എതിരെ നടപടി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. ജൂനിയർ റസിഡന്റായ ഡോ. മുസ്തഫ, ‍ജൂനിയർ കൺസൾട്ടന്റായ ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.

സെപ്റ്റംബർ 24ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കൈക്ക് പരിക്കേറ്റത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്ലാസ്റ്റർ ഇട്ടതു. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോഴാണ് കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കൈ മുറിച്ചുമാറ്റുകയായിരുന്നു. കേസിൽ ഡിഎംഒ നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് ഡോക്ടർമാർക്കെതിരെ നടപടി.

സംഭവത്തിൽ ആശുപത്രിയുടെ ഭാ​ഗത്ത് നിന്ന് ചികിത്സാ പിഴവില്ല. പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ല എന്നുമാണ് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. 24, 25, 30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ലെന്നും നീരുണ്ടെങ്കിൽ വരണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ല എന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ കുറ്റപ്പെടുത്തി.

കേസിലെ അന്വേഷണ റിപ്പോർട്ട് പ്രകാരം സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും ചികിത്സക്കെത്തിയ അവസാന ദിവസം കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നു എന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. രക്തയോട്ടം നിലച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ വച്ച് ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോടേക്ക് മാറ്റുകയായിരുന്നു എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി ഡിഎംഒയ്ക്ക് കൈമാറിയിരുന്നു. സൂപ്രണ്ടിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഡിഎംഒയ്ക്ക് ലഭിച്ച റിപ്പോർട്ടിനെ തുടർന്നാണ് വകുപ്പിന്റെ നടപടി

Related Posts