ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ ധാതുക്കളുടെ ആദ്യ സാമ്പിൾ യുഎസിലേക്ക് കയറ്റുമതി ചെയ്തത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കൈത്താങ്ങാവുകയാണ് യുഎസ് കമ്പനിയുടെ കരാർ. ധാതു മേഖലയുടെ വികസനത്തിനും പര്യവേഷണത്തിനുമായി സെപ്റ്റംബറിൽ കമ്പനി പാക്കിസ്ഥാനുമായുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതു പ്രകാരമാണ് ഇപ്പോൾ സാമ്പിളുകൾ കയറ്റുമതി ചെയ്തത്.
യുഎസിലേക്കയച്ച സാമ്പിളിൽ ആന്റിമണി, കോപ്പർ കോൺസൺട്രേറ്റ്, നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ അപൂർവ ധാതുക്കളാണ് ഉള്ളത്. ധാതുക്കളുടെ പര്യവേക്ഷണം, സംസ്കരണം, ശുദ്ധീകരണ സൗകര്യങ്ങളുടെ വികസനം തുടങ്ങിയവയ്ക്കുള്ള പദ്ധതിയാണിതെന്ന് കമ്പനി പറയുന്നു. ധാതുക്കളുടെ ഉത്പാദനവും പുനരുപയോഗവുമാണ് പ്രധാനമായും യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസിന്റെ പ്രവർത്തന മേഖല.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ധാതു സമ്പത്തുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ഏകദേശം 6 ട്രില്യൺ ഡോളർ മൂല്യമുള്ള ധാതു സമ്പത്ത് പാക്കിസ്ഥാനിലുണ്ട്. പാക്കിസ്ഥാനിലെ ഭൂരിഭാഗം ധാതു ശേഖരവും തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ്. പാകിസ്താനിൽ നിന്നുള്ള യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസിന്റെ ആദ്യ ധാതുകയറ്റുമതിയെ പാകിസ്താനും യുഎസും ചേർന്നുള്ള സുപ്രധാന നാഴികക്കല്ലായാണ് കമ്പനി വിശേഷിപ്പിക്കുന്നത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലും ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും ഈ ചർച്ചയിൽ പങ്കെടുത്തു. വൈറ്റ്ഹൗസിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ട്രംപിന് ഭൗമ വസ്തുക്കളടങ്ങുന്ന മരത്തിൽ നിർമ്മിച്ച പെട്ടിയാണ് ഷെഹബാസ് ഷെരീഫ് സമ്മാനമായി നൽകിയത്.
















