ആലപ്പുഴ: കേരളം സമസ്ത മേഖലയിലും നമ്പർ വൺ എന്ന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിക്കുന്നതിനിടയിൽ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ. പല കാര്യങ്ങളിലും കേരളം മുൻപന്തിയിലാണ്, എന്നാൽ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ എന്ന് എങ്ങനെ പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ഈ നാട്ടിൽ എന്തെല്ലാം വൃത്തികേട് കഴിഞ്ഞ പത്ത് , ഇരുപത് വർഷത്തിനുള്ളിൽ അരങ്ങേറി. അതിലും നമ്മൾ എങ്ങനെ മുൻപിലായി എന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം വിമർശിച്ചു.
സ്വർണപാളി മോഷ്ടിച്ചു കൊണ്ടു പോയ സംഭവത്തിലും നമ്മൾ നമ്പർ വൺ ആകുമോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാത്തിലും നമ്മൾ ഒന്നാമതെത്തി എന്ന് വാദിച്ചാൽ ഇനി ഒന്നും വളരാനില്ല, പെർഫെക്ട് ആയി എന്ന വ്യാഖ്യാനമുണ്ടാകുമെന്നും, മനുഷ്യന് തെറ്റു പറ്റുമെന്നതാണ് ആപ്തവാക്യമെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻപും സർക്കാരിന്റെ പല നിലപാടുകളിലും വിയോജിപ്പ് രേഖപ്പെടുത്തിയും പരസ്യ പ്രതികരണം രേഖപ്പെടുത്തിയും ജി സുധാകരൻ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെയെന്നായിരുന്നു മുൻപ് സ്വർണപാളി വിവാദത്തിൽ ജി സുധാകരൻ പ്രതികരിച്ചത്.
ഞാൻ മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്നും ജി സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോർഡിൽ സർക്കാർ ഇടപെടുന്നതിനും സർക്കാർ നോമിനികളെ കുത്തിക്കയറ്റുന്നതിനെതിരെ മുൻപ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. ദേവസ്വങ്ങളിൽ കയ്യാളുന്ന രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം യോഗനാഥത്തിലെ മുഖപ്രസംഗത്തിലൂടെ തുറന്നെഴുതിയിരുന്നു. പിന്നാലെയാണ് മുതർന്ന സി.പി.എം നേതാവ് കൂടിയായ ജി സുധാകരൻ ആവർത്തിച്ച് വിമർശനം തുടർന്ന് സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.
















