ഡൽഹി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം വേണമെന്ന എംഎൽഎ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദിയാക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും സുപ്രീം കോടതി വിമർശിച്ചു. ഇടപാട് മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണെന്ന പരാമർശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
എക്സാലോജിക് കമ്പനിക്കും വീണ തൈക്കണ്ടിക്കുമായി സിഎആർഎൽ കമ്പനി നൽകിയ 1.72 കോടി കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനുള്ള കൈക്കൂലിയാണെന്നും ഹർജിയിൽ പരാമർശമുണ്ടായിരുന്നു. എങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
2018-ലെ പ്രളയം മനുഷ്യനിർമ്മിതം ആണെന്നും തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അതിന് കാരണമായെന്നുമുള്ള മാത്യു കുഴൽനാടന്റെ ഹർജിയിലെ പരാമർശങ്ങളും കോടതി തള്ളി. പ്രളയത്തെക്കുറിച്ച് മാത്യുവിന് കൃത്യമായി അറിവുള്ളതാണ്. പ്രളയ സമയത്ത് മികച്ച പ്രകടനമാണ് എംഎൽഎ കാഴ്ചവെച്ചത്. തന്റെ അമ്മായിയെ പ്രളയസമയത്ത് സഹായിച്ച വ്യക്തികൂടിയാണ് ഹർജിക്കാരനെന്നും പ്രശംസിച്ചാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ മാത്യുവിനെതിരെയുള്ള വിമർശനം തുടങ്ങിയത്. എന്നാൽ സംശയം മാത്രമാണ് മാത്യു കുഴൽനാടന് ഉള്ളതെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
















