India Lead News News

ബിഹാർ തെരഞ്ഞെടുപ്പ്: തീയതികൾ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് കനത്ത സുരക്ഷയിലെന്ന് ​ഗ്യാനേഷ് കുമാർ

ഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 6 ന് ഒന്നാം ഘട്ട തെരഞ്ഞടുപ്പ് നടക്കും. നവംബർ 11 ന് രണ്ടാം ഘട്ടവും . നവംബർ 14 നാണ് വോട്ടെണ്ണൽ.

ബിഹാർ തെരഞ്ഞെടുപ്പ് കനത്ത സുരക്ഷയിലായിരിക്കും നടത്തുകയെന്ന് ​ഗ്യാനേഷ് കുമാർ പറഞ്ഞു. എസ്ഐആർ സംസ്ഥാനത്തെ വോട്ടർ പട്ടിക ശുദ്ധീകരിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അഭിപ്രായപ്പെടുന്നു. ബിഹാറിൽ 90712 പോളിങ് സ്റേഷനുകൾ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. കൂടുതൽ സേനയെ ബിഹാറിൽ വിന്യസിക്കും.

3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും വോട്ടർപട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.14 ലക്ഷം പുതിയ വോട്ടർമാരാണ് ബിഹാറിലുണ്ടാകുക. 14000 വോട്ടർമാർ 100 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. സംസ്ഥാനത്ത് ഒരു തരത്തിലുള്ള ആക്രമണവും അനുവദിക്കില്ല. വോട്ടർമാരെ ഒരു തരത്തിലും ഭീഷണിപ്പെടുത്താനും അനുവദിക്കില്ല. അദ്ദേഹം പറയുന്നു.

243 അംഗ ബിഹാർ നിയമസഭയിലേക്ക് എൻഡിഎ ഇന്ത്യാ മുന്നണികൾ നേർക്കുനേർ പോരാട്ടമാണ്. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന എൻഡിഎയിൽ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാർട്ടികൾ. തേജസ്വി യാദവ് നേതൃത്വം നൽകുന്ന ആർജെഡിയാണ് ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടി. കോൺഗ്രസാണ് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷി. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ബിഹാറിൽ കന്നിയങ്കത്തിനിറങ്ങും.

Related Posts