തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് നിയമസഭയി പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുയർത്തി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍ കുറച്ച് സമയത്തേക്ക് നിർത്തിവെച്ചു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധം തുടങ്ങിയത്. ‘കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍’, ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദയ്‌ക്കെതിരാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറും ധനമന്ത്രി കെ.എന്‍. ബാലഗോപാലും ആവർത്തിച്ചു പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. സഭയിലെ പുതിയ അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനര്‍ ഉയർത്തി പ്രതിഷേധിക്കുന്നത് ശരിയാണോ എന്ന് ധനമന്ത്രി ചോദിക്കുകയും ചെയ്തു.
ഇതിനിടെ സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല എന്ന അവസ്ഥയുണ്ടായതോടെ സഭാനടപടികൾ താത്കാലികമായി നിർത്തിവെക്കാൻ സ്പക്കർ എ എൻ ഷംസീർ തീരുമാനിച്ചു. മറ്റ് നടപടികളിലേക്ക് കടന്നാലും ഇതേ ആവശ്യം ഉന്നയിച്ചു പ്രതിഷേധിക്കും എന്ന നിലപാടിലാണ് പ്രതിപക്ഷം. വിശ്വാസികളെ മുഴുവൻ ഞെട്ടിച്ച സ്വര്‍ണപ്പാളി വിഷയം ഗൗരവമായിത്തന്നെ സഭയില്‍ ഉന്നയിക്കാനുറച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്. അടിയന്തരപ്രമേയമായി നോട്ടീസ് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിനു മുന്നേതന്നെ ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിക്കാം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്തതിനെ തുടർന്നാണ് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈ വിഷയം സഭയില്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
അൽപ്പസമയത്തിന് ശേഷം നിയമസഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. മന്ത്രി എം ബി രാജേഷ് സംസാരിക്കാൻ എഴുന്നേറ്റപ്പോൾ വീണ്ടും പ്രതിപക്ഷം ബഹളം തുടങ്ങി.ഇത്തവണ പ്രതിഷേധം സ്പീക്കറുടെ ഡയസിന് മുന്നിലായിരുന്നു. ഏറ്റവും കൂടുതൽ അടിയന്ത്ര പ്രമേയം ചർച്ച ചെയ്ത നിയമസഭയാണിതെന്ന് മന്ത്രി പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുദ്രാവാക്യം വിളികൾ ഉച്ചത്തിലായി. ഏതൊരു വിഷയവും ചർച്ച ചെയ്യാൻ സർക്കാറിന് മടിയില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും സ്പീക്കറെ മറച്ച് ബാനറുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം തുടർന്നു. നോട്ടീസ് പോലും നൽകാതെ സഭാ നടപടികൾ തടസ്സപ്പെടുത്തുന്നത് അത്യപൂർവമാണെന്നും ഇത് പ്രതിപക്ഷത്തിന്റെ ഭീരുത്വത്തിന്റെ തെളിവാണെന്നും മന്ത്രി വ്യക്തമാക്കി.
ഇത്രയും പ്രധാനപ്പെട്ട വിഷയമാണെങ്കിൽ എന്തുകൊണ്ട് പ്രതിപക്ഷം നോട്ടീസ് നൽകിയില്ലെന്ന ചോദ്യവും സ്പീക്കർ ഉന്നയിച്ചു. നോട്ടീസ് നൽകാതെ നേരത്തെ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പ്രവർത്തിക്കുകയാണ് പ്രതിപക്ഷമെന്നും കുറ്റപ്പെടുത്തി. സഭയോടുള്ള അനാദരവാണ് പ്രതിപക്ഷം വെളിവാക്കുന്നതെന്ന് ചോദിച്ച സ്പീക്കർ നേരിട്ട് പ്രതിപക്ഷത്തോട് കൊമ്പ് കോർക്കുകയും ചെയ്തു. പ്രതിപക്ഷത്തിനോട് ചില ചോദ്യങ്ങൾ സ്പീക്കർ അക്കമിട്ട് നിരത്തി. എന്ത് അടിസ്ഥാനത്തിലാണ് പ്രതിഷേധം, എന്തുകൊണ്ട് നോട്ടീസ് നൽകിയില്ല എന്ന കാര്യം പ്രതിപക്ഷ നേതാവിനോട് ആവർത്തിച്ചെങ്കിലും പ്രതിപക്ഷം മൌനം തുടർന്നു.
ഇടവേളയ്ക്കുശേഷം ഇന്നാണ് നിയമസഭാസമ്മേളനം വീണ്ടും ആരംഭിച്ചത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വര്‍ണം നഷ്ടമായത് ദേവസ്വം ബോര്‍ഡിന്റെ തലയില്‍വെച്ച് സര്‍ക്കാര്‍ മാറിനില്‍ക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന നടപടികളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. അയ്യപ്പസംഗമം നടത്തി സര്‍ക്കാര്‍ സമുദായസംഘടനകളെ ഒപ്പംനിര്‍ത്തിയെങ്കിലും സ്വര്‍ണപ്പാളി വിവാദം തുറന്നുകാട്ടാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ് പ്രതിപക്ഷം.
















