തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ധനസഹായം അവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ചക്കൊരുങ്ങുന്നു. ഡൽഹിയിലെ ഓഫീസിലെത്തിയാണ് കൂടിക്കാഴ്ച നടത്തുക. അമിത്ഷായുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമയം തേടിയിരുന്നു. ഇത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപും കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടാണ് സംസ്ഥാനം കേന്ദ്രത്തിനെ സമീപിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പടെ അമിത്ഷായുമായി മുൻപ് ചർച്ച നടത്തിയിരുന്നെങ്കിലും സംസ്ഥാനം മുന്നോട്ട് വച്ച തുകയല്ല കേന്ദ്രം നൽകിയത്.
നിലവിൽ കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തികയില്ലെന്ന കാര്യം മുഖ്യമന്ത്രി അമിത് ഷായെ ധരിപ്പിക്കും. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റ് വികസന വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചക്കുള്ള ശ്രമവും സംസ്ഥാനം നടത്തുന്നുണ്ട്.
















