കുവൈത്ത് സിറ്റി: കണ്ടെയ്നറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ 20 അടി കണ്ടെയ്‌നറിനുള്ളിൽ ഗ്ലാസ് പാനലുകളുടെ അരികുകളിൽ അതീവരഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 364 കിലോഗ്രാം ഭാരമുണ്ട്. ഇതിന് വിപണിയിൽ ഏകദേശം 55 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ഒരു അറബ് രാജ്യത്ത് നിന്ന് എത്തിയ കണ്ടെയ്നറില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാപ്റ്റഗൺ ഗുളികകളാണ് പിടിച്ചെടുത്തത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസാണ് ലഹരിക്കടത്ത് തടഞ്ഞത്. പ്രധാന പ്രതി ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഈ ഓപ്പറേഷൻ നടപ്പിലാക്കിയത്. വിവരം ലഭിച്ച ഉടൻ തന്നെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥർ കസ്റ്റംസുമായി ചേർന്ന് തുറമുഖം മുതൽ കണ്ടെയ്‌നറിന്‍റെ നീക്കങ്ങൾ നിരീക്ഷിച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ട്രക്കിനുള്ളിൽ വിന്യസിക്കുകയും അംഘാര പ്രദേശത്ത് വെച്ച് അധികൃതർ വാഹനം തടയുന്നത് വരെ പിന്തുടരുകയും ചെയ്തു.
















