ഡാർജിലിങ്: കനത്തമഴയിലും മണ്ണിടിച്ചിലിലും പശ്ചിമബംഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡാർജിലിങ്ങിൽ 17 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി മിരിക്, സുഖിയ പൊഖാരി മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് വൻ നാശമുണ്ടായത്. പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ ഡാർജിലിങ് സന്ദർശിക്കും.
പൊലീസും പ്രാദേശിക ഭരണകൂടവും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. പ്രദേശത്തെ പ്രധാന റോഡുകൾ അടച്ചു. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡും ഡാർജിലിങ്ങിനെ സിലിഗുരിയുമായി ബന്ധിപ്പിക്കുന്ന റോഡും അടച്ചിട്ടുണ്ട്. ദുർഗാ പൂജ കഴിഞ്ഞ സമയമായതിനാൽ കൊൽക്കത്തയിൽ നിന്നും പശ്ചിമബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിരവധി പേരാണ് ഡാർജിലിങ്ങിൽ സന്ദർശകരായി എത്തിയിട്ടുള്ളത്. ഇവരിൽ ചിലർ ദുരന്തത്തിൽ പെട്ടിട്ടുണ്ടാകാമെന്ന് അധികൃതർ പറയുന്നു.
ഡാർജിലിങ്ങിലെ ടൈഗർ ഹില്ലും റോക്ക് ഗാർഡനും ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടുമെന്ന് ഗൂർഖാ ലാന്റ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സ്ഥലത്ത് കുടുങ്ങിയ വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കുമായി പൊലീസ് ഹെൽപ് ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്. 9147889078 എന്ന നമ്പറിൽ ബന്ധപ്പെടാം.
വടക്കൻ ബംഗാളിലെ ജൽപൈഗുരി, സിലിഗുരി, കൂച്ച് ബെഹാർ പ്രദേശങ്ങളിലും കനത്ത മഴയും വെള്ളക്കെട്ടുമുണ്ട്. വടക്കൻ ബംഗാളിലും സിക്കിമിലും കനത്ത മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. മഴ ഒക്ടോബർ 7 വരെ തുടരുമെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കഴിഞ്ഞ 40 മണിക്കൂറിനിടെ നേപ്പാളിലുണ്ടായ മഴയിൽ 22 പേർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
















