കൊച്ചി: വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണത്തിനായി കൊച്ചി കോർപ്പറേൻ ഈടാക്കുന്ന യൂസർ ഫീ 200 രൂപയാക്കി വർദ്ധിപ്പിച്ചേക്കും. നിലവിൽ ഇത് 150 രൂപയാണ്. യൂസർഫീ വർദ്ധിപ്പിക്കണമെന്ന് മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴിനു ചേരുന്ന കോർപ്പറേഷന്റെ കൗൺസിൽ യോഗം ഇതു സംബന്ധിച്ച് തീരുമാനമെയുക്കും.
250 രൂപയായി വർദ്ധിപ്പിക്കണമെന്നായിരുന്നു അസോസിയേഷന്റെ ആവശ്യം. എന്നാൽ അസോസിയേഷനുകളുമായി ആരോഗ്യ സ്ഥിര സമിതി നടത്തിയ ചർച്ചയിൽ യൂസർ ഫീ 50 രൂപ വർദ്ധിപ്പിക്കാൻ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥിരസമിതി യൂസർ ഫീ 200 രൂപയാക്കണമെന്ന് കൗൺസിലിലേക്ക് ശുപാർശ ചെയ്തു. നിലവിൽ ഹരിതകർമസേനയുടെ പ്രവർത്തനത്തിനുള്ള നിയമാവലി പ്രകാരം ഹരിതകർമസേനയുടെ പ്രതിമാസ യൂസർഫീ 150 രൂപയാണ്.
യൂസർ ഫീ വർദ്ധിപ്പിക്കണമെന്നത് മാലിന്യ ശേഖരണ തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണെന്ന് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ടികെ അഷ്റഫ് പറഞ്ഞു. കൗൺസിലാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അഷ്രഫ് പറഞ്ഞു. എന്നാൽ യൂസർ ഫീ വർദ്ധിപ്പിക്കണമെങ്കിൽ നിയമാവലി ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാനസർക്കാർ അംഗീകാരവും ഗസറ്റ് വിജ്ഞാപനവും ആവശ്യമാണ്.
















