ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതികളിൽ പരസ്യ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ ലേഖനവുമായിട്ടാണ് വെള്ളാപ്പള്ളി എത്തുന്നത്. ദേവസ്വം ബോർഡ് ഭരിക്കുന്നത് ഗൂഡ സംഘങ്ങളാണെന്നും ഈ വിഴുപ്പ് ഭാണ്ഡം ചുമക്കുന്നതിന്റെ നാറ്റം സർക്കാരുകൾ സർക്കാരുകൾ സഹിക്കേണ്ടതില്ലെന്നും അദ്ദേഹം കുറിക്കുന്നു.
ദേവസ്വം ഭരണത്തിൽ കെട്ടകാര്യങ്ങളാണ് നടക്കുന്നത്. സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. അതിന്റെ പഴി സർക്കാരുകൾ ഏറ്റെടുക്കേണ്ടി വരുന്നു. ക്ഷേത്ര വരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നത്. കാട്ടിലെ തടി തേവരുടെ ആനയെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായെന്നും വെള്ളാപ്പള്ളി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനിയും അമാന്തിക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു. ഗുരുവായൂർ, കൂടൽമാണിക്യം മോഡൽ ഭരണം സർക്കാർ പരീക്ഷിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഗൂഡസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുന്നുവെന്നും. നല്ല ഉദ്യോഗസ്ഥർക്ക് ദേവസ്വത്തിൽ ജോലി ചെയ്യാൻ കഴിയില്ലെന്നും യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലൂടെ വെള്ളാപ്പള്ളി വിമർശിക്കുന്നു.
















