കൊച്ചി: നെടുമ്പാശ്ശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി.
ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ് പിടിയിലായത്. ബാഗിൽ പ്രത്യേക അറകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ബാങ്കോക്കിൽ നിന്ന് കഞ്ചാവ് സിംഗപ്പൂരിൽ എത്തിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തിയത്. ലഹരിക്കടത്തിന് കൂലി ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമെന്നാണ് ഇയാൾ കസ്റ്റംസിനോട് പറഞ്ഞത്.
നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്ത് വർദ്ധിക്കുകയാണെന്ന് പൊലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 100 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടിച്ചെടുത്തത്. പിടിയിലാകുന്ന ഭൂരിഭാഗം പേരും കാരിയർമാർ മാത്രമാണ്. വിമാന ടിക്കറ്റും പണവും നൽകിയാണ് പലരെയും കള്ളക്കടത്ത് സംഘം കൂടെ നിർത്തുന്നത്. ഹൈബ്രിഡ് കഞ്ചാവിന് വിപണിയിൽ കിലോയ്ക്ക് ഒരു കോടി രൂപയാണ് വില. തായ്‌ലൻഡ്, മലേഷ്യ, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളിൽ വാണിജ്യ അടിസ്ഥാനത്തിലാണ് ഇത് കൃഷി ചെയ്യുന്നത്. ഇവിടെ നിന്നും എത്തിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘത്തെയും അടുത്തയിടെ കസ്റ്റംസ് നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു. വിദേശ വനിതകൾ ഉൾപ്പെടെ അറസ്റ്റിലായി. ക്യാരിയർമാരെ പിടികൂടുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളിലേക്ക് ഇപ്പോഴും അന്വേഷണം എത്തിയിട്ടില്ല.
ഹൈഡ്രോപോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. മണ്ണില്ലാതെ പോഷക സമ്പുഷ്ടമായ ലായനിയില്‍ സസ്യങ്ങള്‍ വളര്‍ത്തുന്ന ഒരു രീതിയെ ആണ് ഹൈഡ്രോപോണിക് എന്ന് പറയുന്നത്. കൃത്രിമ വെളിച്ചത്തില്‍ അടച്ചിട്ട, എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലാണ് ഹൈഡ്രോ കഞ്ചാവ് വളര്‍ത്തുന്നത്. ചെടികളുടെ വേഗത്തിലുള്ള വളര്‍ച്ച, ഉയര്‍ന്ന വിളവ്, എന്നിവയും ഈ രീതിയില്‍ ലഭ്യമാകുന്നു. ഈ രീതിയില്‍ വളര്‍ത്തുന്ന കഞ്ചാവ് ഗുണ നിലവാരം കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍. ഹൈഡ്രോപോണിക് കഞ്ചാവ് ഗുണനിലവാരത്തില്‍ മികച്ചതാണെന്നും ഇന്ത്യയില്‍ കാണപ്പെടുന്ന സാധാരണ കഞ്ചാവിനേക്കാള്‍ തീവ്രമായ ഗന്ധം ഉണ്ടെന്നും കണക്കാക്കപ്പെടുന്നു.
















