ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ രണ്ടാം പ്രതിയായ അമ്മ ശ്രീതുവിനെ ജയിലിന് പുറത്തിറക്കിയ സെക്സ് റാക്കറ്റെന്ന് പൊലീസ് കണ്ടെത്തൽ. ശ്രീതുവിന്റെ റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാൻ ബന്ധുക്കളും അടുപ്പമുള്ളവരും വന്നിരുന്നില്ല. അതിനെ തുടർന്ന് 7 മാസത്തിലധികം ശ്രീതു ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ശ്രീതുവിനെ പുറത്തിറക്കിയത് സെക്സ് റാക്കറ്റും ലഹരിമരുന്ന് കടത്തും കച്ചവടവും മോഷണവും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘമാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തലിൽ തെളിഞ്ഞിരിക്കുന്നത്. ശ്രീതുവിനെ ജാമ്യത്തിലിറക്കി തമിഴ്നാട് അതിർത്തിയോട് ചേർന്ന പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ എത്തിച്ചത് വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് സ്വദേശിയും ഇയാളുടെ ഭാര്യയും ചേർന്നാണ്. തമിഴ്നാട്ടിൽ നിന്ന് ആഡംബര കാറുകളിലാണ് ഇവർ കേരളത്തിലെത്തുന്നത്. എന്നാൽ ജോലി മോഷണവും ലഹരിക്കച്ചവടവുമാണ്.
തിരുവനന്തപുരത്തെ കഴക്കൂട്ടം, തുമ്പ തുടങ്ങിയ പ്രദേശങ്ങളാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖല. ശ്രീതുവിലൂടെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിലരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ, ഇവരെ ആരോ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് പാലക്കാട് പൊലീസിനും വിവരം ലഭിച്ചിട്ടുണ്ട്.
ജനുവരി 30ന് പുലർച്ചെയായിരുന്നു കുട്ടിയെ ഇവർ താമസിക്കുന്ന വാടകവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരികുമാറിനും ശ്രീതുവിനും തമ്മിൽ അന്യബന്ധമുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ ഇഷ്ടമില്ലായ്മയാണ് ഹരികുമാറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് ഹരികുമാർ അറസ്റ്റിലായ ദിവസം തന്നെ സമ്മതിച്ചിരുന്നു. തുടർന്ന് ഹരികുമാറിന്റെ നുണപരിശോധന നടത്തുകയും, ശ്രീതു അതിന് വിസമ്മതിക്കുകയും ചെയ്തു. നുണപരിശോധന ഉൾപ്പെടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.
















