ഡൽഹി: 6000 കോടി ചിലവിൽ ബ്രഹ്മപുത്ര നദിക്കടിയിൽ തുരങ്കപാതയൊരുങ്ങുന്നു. നദിക്കടിയിൽ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാതയാണിത്. അസമിലെ ഗൊഹ്പുർ – നുമലിഗഡ് പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. അസമിനെയും അരുണാചൽ പ്രദേശിനേയും ബന്ധിപ്പിക്കുന്ന ടണൽ അഞ്ചു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും.
33.7 കിലോമീറ്റർ നീളമുള്ള തുരങ്കമാണ് രൂപകൽപ്പന ചെയ്യുന്നത്. പദ്ധതിക്കായി രൂപരേഖ തയ്യാറായിക്കഴിഞ്ഞു. നാഷണൽ ഹൈവേസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ആണ് രൂപരേഖ തയ്യാറാക്കിയത്. ഇപ്പോൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള മന്ത്രിതല സമിതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അസം സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ട്രയിനുകൾക്കും വാഹനങ്ങൾക്കും പോകാൻ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ‘നദിക്ക് കുറുകെ നിരവധി പാലങ്ങളുണ്ട്. എന്നാൽ വെള്ളത്തിനടിയിൽ ഒരു തുരങ്കം ഉണ്ടാക്കിക്കൂടേ?’- മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ ചോദിച്ചു. ‘ഇതൊരു സ്വപ്നമായി അവസാനിക്കുമെന്ന് കരുതി. ഡൽഹിയിൽ ചെന്നപ്പോൾ വിഷയമവതരിപ്പിച്ചു. ഇതിനായി ഗൊഹ്പുർ നുമലിഗഡ് തിരഞ്ഞെടുത്തു’- അദ്ദേഹം പറഞ്ഞു.
നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് സ്റ്റാന്റിങ് കമ്മിറ്റി നിർമ്മാണത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ മണ്ണിന്റെ സ്ഥിരത, ഭൂചലന സാധ്യത, അവശിഷ്ട പാറ്റേണുകൾ, ഭൂഗർഭജലത്തിന്റെ ചലനം എന്നിവ കൂടി കണക്കിലെടുത്താവണം തുരങ്കത്തിന്റെ നിർമാണമെന്നും ഈ വിഷയങ്ങളിൽ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും സ്റ്റാന്റിങ് കമ്മിറ്റി നിർദേശിച്ചിരുന്നു. സൈനിക സാമഗ്രികള്‍, യുദ്ധോപകരണങ്ങള്‍ മുതലായവ എത്തിക്കുന്നതിന് പ്രയോജനപ്പെടുമെന്ന് കരുതുന്നതാണ് ഈ തുരങ്കപാത.
















