Kerala Lead News News

ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആസൂത്രിതമായ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും മുൻമന്ത്രിയെയും കേന്ദ്രീകരിച്ച് അന്വേഷണം വേണെമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഇപ്പോഴത്തെ പ്രസിഡണ്ടും മുൻപ്രസിഡന്റും ഇതിന് ഉത്തരവാദികളാണ്. ഇവർക്കെതിരെയും അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമാണ് ഇതിലെ സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ പറ്റുക.

മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല. കപട ഭക്തിയുടെ മൂർദ്ധന്യാവസ്ഥയിലല്ലേ മുഖ്യമന്ത്രി, എന്നിട്ടും ഇതൊന്നും കാണുന്നില്ല. സ്വന്തം ആളുകൾക്ക് പങ്കുള്ളത് കൊണ്ടാകും മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. ശബരിമലയിൽ യു.ബി ഗ്രൂപ്പ് നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വം ബോർഡ് വ്യക്തമാക്കണം. 30 കിലോ സ്വർണം ആണ് യു ബി ഗ്രൂപ്പ് നൽകിയത് എന്നാണ് അറിവ്. ഇപ്പോഴതിൽ എത്ര ബാക്കിയുണ്ടെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണ്. വലിയ തട്ടിപ്പാണ് ശബരിമല കേന്ദ്രീകരിച്ച് കഴിഞ്ഞ കാലങ്ങളിൽ നടന്നിരിക്കുന്നത്.

ശബരിമലയിൽ നിന്ന് സ്വർണ്ണ പാളികൾ കൊണ്ടുപോയി 40 ദിവസം കഴിഞ്ഞാണ് ചെന്നൈ കമ്പനിയിൽ എത്തുന്നത്. ഈ സമയത്ത് എന്ത് സംഭവിച്ചു എന്നറിയണം. ഉണ്ണികൃഷ്ണൻ പോറ്റിയ നിയമിച്ചത് ഇടനിലക്കാരനായാണ്. ആദ്യതവണ സ്വർണ്ണത്തിൽ കുറവുണ്ടായി എന്ന് പറഞ്ഞിട്ടും വീണ്ടും ഇയാളെ തന്നെ ചുമതലപ്പെടുത്തി. ബോർഡിൽ ഉണ്ടായിരുന്നവർ തട്ടിപ്പിന്റെ പങ്കുപറ്റിയട്ടുണ്ട്.

തട്ടിപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ട്. അതല്ലാതെ ഇത്ര ആസൂത്രിതമായി ഒന്നും ചെയ്യാൻ കഴിയില്ല. സ്വർണ്ണപ്പാളികൾ മാറ്റി വ്യാജമായി ചെമ്പ് തകിടിൽ നിർമ്മിച്ചു എന്ന സംശയവും ഉയരുന്നുണ്ട്. ശബരിമല വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ പറയുന്നതും തട്ടിപ്പാണ്. ഇപ്പോഴത്തെ വിഷയത്തിലാണ് കൂടുതൽ അന്വേഷണം വേണ്ടത്. സമഗ്ര അന്വേഷണം എന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതിനും ഈ വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റുന്നതിനും വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Posts