തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങളെല്ലാം നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ടാണെന്ന് കാണിച്ച് ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വം ബോർഡാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തി. അഞ്ച് സുഹൃത്തുക്കൾ ചേർന്നാണ് അത് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ ഗോവർദ്ധനാണ് പുതിയ വാതിൽ നിർമ്മിക്കാനുള്ള എല്ലാ ചെലവുകളും ഏറ്റെടുത്തതെന്നും മറ്റാരും അതിനായി സ്വർണമോ പണമോ ഉപയോഗിച്ചിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. പുതിയ വാതിൽ പാളിയുടെ നിർമ്മാണത്തിന് ശേഷം ചെന്നൈയിൽ വച്ചുതന്നെ പൂജ നടത്തിയെന്നും യാത്ര വഴിമധ്യേ വിശ്രമിക്കാൻ വേണ്ടിയാണ് നടൻ ജയറാമിന്റെ വീട്ടിൽ കയറിയതെന്നും അദ്ദേഹം കൂട്ടിചേർത്തു.
വാതിൽ നിർമ്മാണം സംബന്ധിച്ചുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്റെ രേഖകളിൽ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ ഇന്ന് ചോദ്യം ചെയ്യില്ല. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തെ വീട്ടിൽ എത്തിയ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. വിഷയത്തിൽ തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ ചോദ്യം ചെയ്ൽ നടത്തിയിരുന്നു. പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമുണ്ടെങ്കിൽ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
















