ചെന്നൈ: കരൂരിലെ വിജയ്‍യുടെ ടിവികെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യെയും തമിഴ്നാട് സർക്കാരിനെയും കോടതി ശക്തമായി വിമർശിച്ചു. ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളിയ കോടതി പകരം ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകുകയും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. കരൂർ ദുരന്തത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വിജയ് തയ്യാറായില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി വിജയ്യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.
നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിക്കുകയും വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിട്ടും സമർപ്പിക്കാൻ സർക്കാർ മടി കാണിച്ചതായും കോടതി വിമർശനമുയർത്തി. ഉദ്യോഗസ്ഥരുടെപട്ടിക നൽകാൻ നിർബന്ധിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് അവ നൽകിയതെന്നും സർക്കാരിന്റെ ഈ നിലപാട് നിരാശരാക്കിയെന്നും കോടതി രേഖപ്പെടുത്തി. സർക്കാരിന്റെ ആ പ്രവർത്തിയെ തുടർന്ന് ഹൈക്കോടതി അഡീഷണൽ രജിസ്ട്രാർ ജനറലിൽ നിന്നാണ് കോടതി അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ പട്ടിക സ്വീകരിച്ചതെന്നും കോടതി വ്യക്തമാക്കി.
നിലവിലെ അന്വേഷണത്തിന്റെ പുരോഗതിയിൽ തൃപ്തരല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‍യുടെ കാരവാനിന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളും ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കോടതി ഉത്തരവിട്ടു. കരൂർ എസ്ഐയുടെ കൈവശമുള്ള രേഖകൾ എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയിരിക്കുന്നത്.
















