ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു.
അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന ഭക്തനാണ് താനെന്നും അമ്പത്തൂരിലെ കമ്പനിയിൽ നടത്തിയ പൂജയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷണിച്ചതു കൊണ്ടാണ് പോയതെന്നും അയ്യപ്പന്റെ ഒരു രൂപ തൊട്ടവർ പോലും അനുഭവിക്കേണ്ടി വരുമെന്നും ജയറാം പറഞ്ഞു. തെറ്റ് ചെയ്തവർ പിടിക്കപ്പെടണമെന്നും സത്യം തെളിയട്ടെയെന്നും ജയറാം പറഞ്ഞു.
പവിത്രമായ ശബരിമലയിലെ സ്വർണപ്പാളികൾ വെച്ച് നടത്തുന്ന പൂജയെന്ന പേരിൽ 2019 ജൂലായിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ചെന്നൈയിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരുന്നു. സ്വർണം പൂശാനായി ദ്വാരപാലകശിൽപ്പങ്ങൾ ചെന്നൈയിൽ കൊണ്ടു പോയപ്പോഴാണ് പ്രദർശനം നടത്തിയത്. ഇതിൽ ജയറാം പങ്കെടുത്തിരുന്നു.
2019 ൽ തന്നെ സ്വർണപ്പാളികൾ ചെന്നൈയിൽ നിന്ന് തിരികെ ശബരിമലയിൽ എത്തിച്ചപ്പോൾ ശിൽപ്പം തൂക്കി നോക്കി സ്വർണത്തിന്റെ അളവ് പരിശോധിച്ചില്ല. സംഭവം അടുത്തിടെ വിവാദമാകുകയും ഇതുമായി ബന്ധപ്പെട്ട് ശബരിമലയിലെ സ്വർണമടക്കമുള്ള വിലയേറിയ വസ്തുക്കളുടെ പട്ടിക തയ്യാറാക്കാനായി റിട്ടയഡ് ജഡ്ജി കെ ടി ശങ്കരനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി. ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ പൂജയിൽ പങ്കെടുത്തതാണ് ജയറാമിനേയും വിവാദത്തിലെത്തിച്ചത്. ഇതിലാണ് ജയറാം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
















