ഡൽഹി: ജെഎൻയുവിൽ ഉമർഖാലിദിനെയും ഷർജീൽ ഇമാമിനേയും രാവണനായി ചിത്രീകരിച്ച് എബിവിപി. മതവികാരങ്ങളെ ചൂഷണം ചെയ്ത് രാഷ്ട്രീയത്തിനുപയോഗിക്കുക എന്ന തന്ത്രമാണ് എബിവിപി നടത്തുന്നതെന്ന് ഇടതുപക്ഷ സംഘടനകൾ പ്രതികരിച്ചു. വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന രാവണദഹന പരിപാടി കാമ്പസിൽ നടത്തുന്നതിനിടയിലാണ് എബിവിപി മുൻ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ രാവണനു പകരമായി ഉപയോഗിച്ചത്.
രാവണനു പകരമായി എബിവിപി ഉപയോഗിച്ച ചിത്രങ്ങളിലുള്ള ഉമർഖാലിദും ഷർജീൽ ഇമാമും സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലും ഡൽഹി കലാപ ഗൂഢാലോചന കേസിലും വിചാരണ നേരിടുന്നവരാണ്. ഇവരുടെ ചിത്രങ്ങൾ മതപരമായ ഘോഷയാത്രയിൽ ഉപയോഗിച്ചത് വ്യാപക വിമർശനങ്ങൾക്കാണ് വഴി വെച്ചത്.
അതേസമയം ഇടതുപക്ഷ സംഘടനകൾ ഘോഷയാത്ര തടസപ്പെടുത്തിയതായി എബിവിപി ആരോപിച്ചു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ(എഐഎസ്എ), സ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ(എസ്എഫ്ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്) എന്നീ സംഘടനകൾ പരിപാടിക്കു നേരെ കല്ലെറിഞ്ഞെന്നും പങ്കെടുത്തവരോട് അസഭ്യം പറഞ്ഞതായും എബിവിപി പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റതായും അവർ പറയുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സബർമതി ടീ- പോയിന്റിന് സമീപം ഇടതുപക്ഷ സംഘടനകൾ തങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ സംഘർഷം സൃഷ്ടിച്ചതായി എബിവിപി ആരോപിക്കുന്നു. എന്നാൽ ഐസ ഈ ആരോപണങ്ങൾ നിഷേധിച്ചു. അതേസമയം രാവണനായി മുൻ വിദ്യാർത്ഥികളെ ഉപയോഗിച്ചത് രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന നഗ്നവും നിന്ദ്യവുമായ പ്രകടനമായാണ് ഇടതുപക്ഷ സംഘടനയായ ഐസ(എഐഎസ്എ) സംഭവത്തെ വിലയിരുത്തുന്നത്.
















