Homepage Featured Kerala News

സ്വർണ്ണപ്പാളി തട്ടിപ്പ്; തങ്ങളുടെ കൈവശം എത്തിയത് ചെമ്പു പാളികളെന്നു കരാർ ഏറ്റെടുത്ത സ്മാർട്ട്‌ ക്രിയേഷൻസ്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദുരൂഹത തുടരുന്നു. 2019 ൽ ശബരിമലയിൽ നിന്ന് തങ്ങളുടെ പക്കൽ എത്തിച്ചത് ചെമ്പു പാളികൾ ആയിരുന്നെന്ന് സ്വർണ്ണം പൂശാൻ കരാർ ഏറ്റെടുത്ത സ്മാർട്ട് ക്രിയേഷൻസ് വ്യക്തമാക്കി. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാൽ കമ്പനിയുടെ പക്കൽ എത്തിച്ചത് ചെമ്പ് പാളികളാണ്. അതിൽ ഒന്നും പൂശിയിരുന്നില്ല.

സ്മാർട്ട്‌ ക്രിയേഷനിൽ എത്തിക്കുമ്പോൾ ഉണ്ടായിരുന്നത് 42 കിലോ തൂക്കമാണ്. ചെമ്പ്പാളികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ മെഴുക് ഉപയോഗിക്കും. അത് പൂർണമായും മാറ്റിയാണ് പ്ലേറ്റിംഗ് ചെയ്യുക. പാളികൾ വൃത്തിയാക്കി കഴിഞ്ഞപ്പോൾ 38 .5 കിലോഗ്രാമാണ് ഭാരമുണ്ടായിരുന്നത്. ഇത് കൊണ്ടു വന്നത് ഉണ്ണികൃഷ്ണനുൾപ്പെടെയുള്ളവരാണ്. തിരിച്ച് സ്വീകരിക്കാൻ ദേവസ്വം ബോർഡ് പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്നെന്നാണ് രേഖകൾ തെളിയിക്കുന്നത്.

397 ഗ്രാം സ്വർണം ഉപയോഗിച്ചാണ് 12 പീസുകൾ സ്വർണം പൂശിയത്. 25 മുതൽ 40 വർഷം വരെയാണ് കമ്പനി ഗ്യാരന്റി നല്കുന്നത്. രാസവസ്തുക്കൾ കൊണ്ടു കഴുകിയാലും മനുഷ്യ സ്പർശമേൽക്കുന്നതും ഗുണനിലവാരത്തെ ബാധിക്കും. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതുമാണ്. വീണ്ടും പ്ളേറ്റിങ് ഏറ്റെടുത്തത് 2019 ൽ തങ്ങൾ ജോലികൾ ചെയ്തതുകൊണ്ട് മാത്രമാണ്. ശബരിമലയിൽ വേറെയും പ്ലേറ്റിംഗ് ജോലികൾ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ്, കമ്പനിയെ ബന്ധപ്പെട്ടിരുന്നു. വസ്തുതകൾ വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോടതി സംശയം ഉന്നയിച്ചത് മുന്നിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും കമ്പനി അഭിഭാഷകൻ കെ ബി പ്രദീപ് വ്യക്തമാക്കി.
കമ്പനിയുടെ വെളിപ്പെടുത്തലോടെ യഥാർത്ഥത്തിലുള്ള സ്വർണപാളികൾ എവിടെയെന്ന് ചോദ്യം ശക്തമാവുകയാണ്.

1998 ൽ വ്യവസായി വിജയ് മല്യയാണ് സ്വർണ്ണപ്പാളികൾ സമർപ്പിച്ചത്. ശബരിമല ശ്രീകോവിലിലും ദ്വാരപാലക ശില്പങ്ങളിലും പീഠങ്ങളിലുമാണ് സ്വർണം പൊതിഞ്ഞു നൽകിയത്. 2019 ൽ സ്വർണ്ണം മങ്ങിയതായി കണ്ടെത്തി വീണ്ടും സ്വർണം പൂശി നൽകാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് സമീപിക്കുകയായിരുന്നു. ആ വർഷം ജൂലൈയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരുടെ സാന്നിധ്യത്തിൽ അഴിച്ചെടുത്ത സ്വർണ്ണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലേക്ക് കൊടുത്തു വിട്ടു. പാളികൾ ചെന്നൈയിൽ തൂക്കി നോക്കിയപ്പോൾ നാല് കിലോയുടെ കുറവ് കണ്ടെത്തി.

ഈ വർഷം സെപ്റ്റംബറിൽ പാളികൾക്ക് വീണ്ടും മങ്ങലുണ്ടെന്ന് കണ്ടതോടെയാണ് സ്വർണ്ണം പൂശാൻ ചെന്നൈക്ക് കൊണ്ടുപോയത്. ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് സ്പെഷൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയതോടെയാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ തുടക്കം. ശബരിമലയിൽ നിന്ന് കൊണ്ടുപോയത് ചെമ്പുപാളികൾ ആണെന്ന് ദേവസ്വം ബോർഡ് രേഖയിലുമുണ്ട്. 2019 ൽ ശബരിമലയിൽ നിന്ന് അഴിച്ചെടുത്ത സ്വർണ്ണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി ഒരു മാസത്തിലധികം വൈകിയാണ് സ്മാർട്ട്‌ ക്രിയേഷൻസിൽ എത്തിച്ചതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 2019 സമർപ്പിക്കപ്പെട്ട സ്വർണ്ണപ്പാളികൾ എവിടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

Related Posts