ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പരിഹാസവും മുന്നറിയിപ്പിമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്ത്യയെയും ചൈനയെയും തീരുവ കാട്ടി പേടിപ്പിക്കേണ്ടെന്നും റഷ്യൻ എണ്ണയുടെ വിതരണം തടയാനും ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനം യുഎസിന് തന്നെ ബൂമറാങ്ങാകുമെന്നും പുടിൻ പറഞ്ഞു. ട്രംപിന്റെ കടലാസ് പുലി പരിഹാസത്തോട് ശക്തമായി ഭാഷയിലാണ് പുടിൻ പ്രതികരിച്ചത്.
റഷ്യ കടലാസ് പുലിയെങ്കിൽ നിങ്ങൾ ആരാ?’ എന്ന് നാറ്റോയുടെ പ്രതിരോധശക്തിയെ പരിഹസിച്ച് പുടിൻ ചോദിച്ചു. ‘തമഹോക്’ മിസൈലുകൾ യുക്രെയ്നിന് നൽകാനുള്ള അമേരിക്കൻ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഉഗ്രശേഷിയുള്ള മിസൈൽ യുക്രെയ്നിന് കൈമാറാനുള്ള യുഎസ് നീക്കം.
ഊർജ്ജനയത്തിൽ ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്ത പുടിൻ ബാഹ്യ സമ്മർദ്ദങ്ങളെ ചെറുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. മോദി അടുത്ത സുഹൃത്താണെന്ന പറഞ്ഞ തങ്ങളുടെ ബന്ധം വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും വ്യക്തമാക്കി. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നീങ്ങുന്നത് യുഎസിന്റെ ഇരട്ടത്താപ്പാണെന്നും പുടിൻ തുറന്നടിച്ചു.
‘ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ ജനങ്ങൾ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവർ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹം ഒരിക്കലും ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കില്ല.’ റഷ്യ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് അധികത്തീരുവ ഏർപ്പെടുത്തിയാലും നഷ്ടം ഇതേനിരക്കിൽ തന്നെയായിരിക്കും. പിന്നെ എന്തിനാണ് അമേരിക്കയുടെ ‘രാഷ്ട്രീയത്തിനു’ വഴങ്ങി ഇന്ത്യ റഷ്യൻ എണ്ണ വേണ്ടെന്നുവയ്ക്കുന്നതെന്നും പുടിൻ ചോദിച്ചു.
















