Homepage Featured Kerala News

രാഷ്ട്രീയമായി സമദൂരത്തിൽ, എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ല: ജി സുകുമാരൻ നായർ

കോട്ടയം: അയ്യപ്പസംഗമത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നുവെന്നും രാഷ്ട്രീയമായി സമദൂരത്തിലാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്നും നല്ലതിനെ അംഗീകരിക്കുമെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭന്‍ ഉണ്ടാക്കിയിട്ടുണ്ട്. തന്റെ മാറില്‍ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടന്നും ജി സുകുമാരന്‍ കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് നേരത്തെയും ജി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കരയോഗങ്ങളിൽ നിന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളെയും അദ്ദേഹം തള്ളിയിരുന്നു. ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണയിൽ എതിർപ്പ് പറഞ്ഞത്. അവരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. കാര്യം മനസിലാക്കുമ്പോൾ അവർ തിരുത്തും.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സുകുമാരൻ നായർക്കെതിരെ കരയോഗങ്ങൾ കേന്ദ്രീകരിച്ചു പോസ്റ്ററുകൾ ഉയർന്നിരുന്നു.  താൻ തന്‍റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നുമാണ് ജി സുകുമാരൻ നായര്‍ പറഞ്ഞത്.

Related Posts