Kerala News

മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ഒരു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ എൽ എച്ച് യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, കണ്ടോൺമെന്റ് എസ് ഐ എന്നിവർക്കാണ് യദു വക്കീൽ നോട്ടീസയച്ചത്. കേസ് ശരിയായ ദിശയിലല്ല പോയതെന്നും തനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ പറയുന്നു.

ഏപ്രിൽ 28 ന് മേയർ കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ആര്യ രാജേന്ദ്രന്റെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും ഡ്രൈവറോട് തട്ടിക്കയറിയിരുന്നു. യദുവിന്റെ ഭാ​ഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും യദു അശ്ലീല ആം​ഗ്യം കാണിച്ചുവെന്നുമാണ് മേയർ പറയുന്നത്. കെഎസ്ആർടിസി ബസ് തടഞ്ഞ് യദുവിനോട് സംസാരിക്കേണ്ടിവന്നതിനു കാരണം ഇതാണെന്നാണ് മേയറുടെ വാദം.

കോടതി നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ പൊലീസ് മേയറേയും എംഎൽഎയെയും കുറ്റ വിമുക്തരാക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി കേസ് അട്ടിമറിക്കപ്പെട്ടതാണെന്നും ഇരുവരേയും കുറ്റവിമുക്തരാക്കിയ ഈ നടപടി നീതിയുക്തമല്ലെന്നും തനിക്ക് നഷ്ടപരിഹാരമായി 15 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി ഡ്രൈവർ ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

Related Posts