Homepage Featured News World

ഇനി ഫണ്ടില്ല; ട്രാൻസ് ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്ക്കുന്ന സംഘടനകൾക്ക് ധനസഹായം നിർത്തലാക്കാൻ ട്രംപ്

വാഷിങ്ടൺ: ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സംഘടനകൾക്കും സർക്കാരുകൾക്കും നൽകുന്ന ഫെഡറൽ ഫണ്ടിങ് പൂർണമായും നിർത്തലാക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടത്.

യുഎസിന്റെ സാമ്പത്തിക സഹായം ഏറ്റുവാങ്ങുന്ന സ്ഥാപനങ്ങൾക്ക് ഗർഭച്ഛിദ്ര സേവനങ്ങൾ നൽകുന്നതും പ്രോത്സാഹിപ്പിക്കുന്നതും നിരോധിക്കുന്ന ‘മെക്‌സിക്കോ സിറ്റി പോളിസി’യുടെ വിപുലീകരണമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. ഇനി മുതൽ ലിംഗരാഷ്ട്രീയം, ലിംഗസമത്വം, എൽജിബിടിക്യു ആശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കും ഫണ്ടിങ് നൽകില്ല എന്നാണ് സൂചനകൾ. ഈ വിലക്ക് വിദേശ സർക്കാരുകൾക്കും, സന്നദ്ധ സംഘടനകൾക്കും, ഐക്യരാഷ്ട്രസഭയുടെ വിവിധ പരിപാടികൾക്കും ബാധകമാകും. യുഎസിൽ നിന്നുള്ള സഹായം ലഭിക്കുന്ന അന്താരാഷ്ട്ര എൻജിഒകൾക്കും സ്ഥാപനങ്ങൾക്കും ഗർഭച്ഛിദ്രം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, ലിംഗരാഷ്ട്രീയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിലക്കുണ്ടാകും.

പദ്ധതി സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, “അമേരിക്ക ഫസ്റ്റ്” വിദേശനയം തുടരുന്നതാണ് പ്രധാന ലക്ഷ്യം എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം ഗ്ലോബൽ ഹെൽത്ത് കൗൺസിൽ, എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയിസസ് തുടങ്ങിയ സംഘടനകൾക്ക് ട്രംപ് ഭരണകൂടം പദ്ധതിയുടെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Posts