തിരുവനന്തപുരം: ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്നു പെൺകുഞ്ഞുങ്ങൾ. തിരുവനന്തപുരത്ത് രണ്ടും ആലപ്പുഴയിൽ ഒരു കുഞ്ഞിനെയുമാണ് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്. ആലപ്പുഴയിൽ എത്തിയ കുട്ടിക്ക് വീണ എന്നും തിരുവനന്തപുരത്തെത്തിയ രണ്ടു കുട്ടികൾക്ക് അക്ഷരയെന്നും അഹിംസയെന്നും പേരിട്ടു.
ആദ്യമായാണ് ഒരുദിവസം മൂന്ന് കുട്ടികളെ ലഭിക്കുന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി പറഞ്ഞു. ആലപ്പുഴയിൽ 20 ദിവസം പ്രായമായ കുഞ്ഞിനെയാണ് ലഭിച്ചത്. തിരുവനന്തപുരത്ത് കിട്ടിയ കുട്ടികൾക്ക് രണ്ടാഴ്ച പ്രായം വരും. ഈ വർഷം ആകെ 23 കുഞ്ഞുങ്ങളെ ലഭിച്ചു. ഇതിൽ 14 പെൺകുട്ടികളും ഒൻപതു ആൺകുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ കിട്ടിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.
















