ഡൽഹി: കേന്ദ്ര സർക്കാർ ജനാധിപത്യത്തിനു നേരെ ആക്രമണം നടത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിൽ ഒരു അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. എന്നാൽ രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്തുന്ന നേതാവാണെന്ന് ബിജെപി തിരിച്ചടിച്ചു.
“ഇന്ത്യയിൽ നിരവധി മതങ്ങളും സംസ്കാരങ്ങളും ഭാഷകളുമുണ്ട്. ഇവയ്ക്ക് പരസ്പരം ഇടപെഴകാനും ആശയവിനിമയം സാധ്യമാക്കാനുമുള്ള ഇടം ഇന്ത്യയിൽ വേണം. ജനാധിപത്യം അതിനുള്ള ഏറ്റവും നല്ല മാർഗമാണ്. എന്നാൽ ഇന്ന് ഇന്ത്യയിൽ നടക്കുന്നത് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണ്.”- രാഹുൽ പറഞ്ഞു.
ചൈനയിൽ നടക്കുന്ന പോലെ ജനങ്ങളെ അടിച്ചമർത്തി സ്വേച്ഛാധിപത്യ ഭരണം നടത്തുകയെന്നത് ഇന്ത്യയിൽ സാധ്യമല്ല. 16, 17 പ്രധാന ഭാഷകളുണ്ട്. ഇന്ത്യ പോലൊരു രാജ്യത്ത് വിവിധ സംസ്കാരങ്ങൾക്ക് വളരാനുള്ള സംവിധാനം നൽകേണ്ടി വരും. അവയ്ക്ക് ആശയപ്രചാരണത്തിന് അവസരം നൽകേണ്ടതാണ്. രാഹുൽ അഭിപ്രായപ്പെട്ടു.
ജനാധിപത്യ വ്യവസ്ഥയിൽ ഉറച്ചു നിന്നു കൊണ്ട് എങ്ങിനെ ഇന്ത്യയിൽ ചൈനയിലേതിനു സമാനമായ ഉത്പാദന വളർച്ച ഉണ്ടാക്കാൻ കഴിയുമെന്നാണ് നോക്കേണ്ടതെന്ന് രാഹുൽ പറയുന്നു. ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്തെ ചെറുകിട ഇടത്തരം ബിസിനസ്സുകളെ തകർത്തതായും അദ്ദേഹം പറയുന്നു. ഇതിലൂടെ കുത്തകകൾക്ക് രാജ്യത്തിന്റെ വലിയൊരു ഭാഗം സമ്പദ് വ്യവസ്ഥയെ കേന്ദ്ര സർക്കാർ വിട്ടു നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
‘ഇന്ത്യയിൽ കേന്ദ്ര സർക്കാർ രണ്ട് നയങ്ങൾ കൊണ്ടുവന്നു. ഒന്ന് നോട്ട് നിരോധനം. അത് ചെറുകിട ഇടത്തരം വ്യവസായങ്ങളെ തകർത്തു. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാനുള്ള അധികാരം വലിയ കുത്തകകൾക്ക് നൽകി. രണ്ടാമത്തെ നയം ജി.എസ്.ടി ആയിരുന്നു. ഇതും ചെറുകിട ഇടത്തരം ബിസിനസ്സുകളെ തകർക്കാനുള്ളതായിരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങളേയും കച്ചവടങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ സംരഭകത്വം വളർത്താൻ കഴിയൂ എന്നതാണ് ഞങ്ങളുടെ നയം. അതാണ് ഞങ്ങളും അധികാരത്തിലിരിക്കുന്നവരും തമ്മിലുള്ള വ്യത്യാസം’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കേന്ദ്രീകൃതമായി വലിയതോതിൽ അഴിമതി നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുമായി നേരിട്ടു ബന്ധമുള്ള മൂന്നോ നാലോ ബിസിനസ് കേന്ദ്രങ്ങൾ മാത്രമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ മൊത്തത്തിൽ കൈകാര്യം ചെയ്യുന്നത്. രാഹുൽ ആരോപിക്കുന്നു.
ആർ എസ് എസും ബിജെപിയും കൈകാര്യം ചെയ്യുന്നത് ഭീരുത്വത്തിന്റ രാഷ്ട്രീയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഒരു മുസ്ലീമിനെ താനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ച ദിവസം വളരെ സന്തോഷം തോന്നിയെന്നാണ് സവർക്കർ തന്റെ പുസ്തകത്തിൽ പറയുന്നത്. ഇത് ഭീരുത്വമാണ്. ദുർബലമായവരെ മർദ്ദിക്കുക എന്നതാണ് ആർ.എസ്.എസിന്റെ ആശയം.’ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി രാഹുൽ ഗാന്ധി പ്രതികരിച്ചു.
അതേസമയം രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ ബിജെപി പ്രതിനിധികൾ രംഗത്തെത്തി. വിദേശത്ത് ചെന്ന് അത്തരം പരാമർശങ്ങൾ നടത്തുന്നതിനെ ബിജെപി വക്താവ് ഷെഹ്സാദ് പൂനേവാല നിശിതമായി വിമർശിച്ചു. വിദേശത്ത് പോയി രാഹുൽ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തെ ഒരിക്കൽ കൂടി ആക്രമിച്ചു എന്നായിരുന്നു പൂനേവാലെയുടെ രൂക്ഷ വിമർശനം. രാഹുലിന്റെ യുദ്ധം ഇന്ത്യയോടാണെന്നും അദ്ദേഹം പറയുന്നു. ബിജെപി നേതാവ് പ്രദീപ് ഭണ്ഡാരിയും രാഹുലിനെതിരെ രംഗത്തെത്തി. രാഹുൽ ഗാന്ധി ഇന്ത്യാ വിരുദ്ധനാണ് എന്നായിരുന്നു പ്രതീപ് ഭണ്ഡാരി പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ റിമോർട്ട് കൺട്രോൾ വിദേശ രാജ്യങ്ങളിലാണെന്നും അദ്ദേഹം പരിഹസിച്ചു.
















