India Lead News News

പ്രകോപനമുണ്ടായാൽ തക്ക മറുപടി; പാക്കിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ഡൽഹി: അതിർത്തി പ്രദേശമായ സർക്രീക്കിൽ പാക്കിസ്ഥാൻ സൈന്യം അടുത്തിടെ നടത്തിയ വികസന രീതിയിൽ ദുരുദ്ദേശമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പ്രകോപനമുണ്ടായാൽ തക്ക മറുപടിയുണ്ടാകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യൻ സൈന്യവും ബിഎസ്എഫും ഇന്ത്യയുടെ അതിർത്തി ജാഗ്രതയോടെ സംരക്ഷിക്കുന്നു. സർ ക്രീക്കിൽ പാക്കിസ്ഥാന്റെ ഭാ​ഗത്ത് നിന്ന് ഏതെങ്കിലും മോശം നടപടിയുണ്ടായാൽ ചരിത്രവും ഭൂമിശാസ്ത്രവും മാറുന്ന തരത്തിലുള്ള മറുപടിയുണ്ടാകും. 1965 ലെ യുദ്ധത്തെ അനുസ്മരിച്ച രാജ്നാഥ് സിങ് അന്ന് ലാഹോറിലെത്താനുള്ള ശ്രമം അവസാനഘട്ടത്തിലെത്തിയ കാര്യവും ഓർമിപ്പിച്ചു. കറാച്ചിയിലേക്കുള്ള ഒരു വഴി ക്രീക്കിലൂടെയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യയിൽ ​ഗുജറാത്തിലെ കച്ച് പ്രദേശത്തിനും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിലാണ് സർ ക്രീക്ക് സ്ഥിതി ചെയ്യുന്നത്. ബാൻ ​ഗം​ഗ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇന്ത്യ പാക്കിസ്ഥാൻ തർക്കത്തിൽ പെടുകയും പിന്നീട് ബ്രീട്ടീഷ് പ്രതിനിധ്യുടെ പേരു നൽകി സർ ക്രീക്ക് ആവുകയമായിരുന്നു. അതിർത്തി ക്രീക്കിന്റെ മധ്യത്തിലൂടെ കടന്നു പോകണമെന്ന് ഇന്ത്യ നിലപാടെടുത്തു. എന്നാൽ അതിർത്തി ഇന്ത്യയോട് ചേർന്ന കിഴക്കൻ തീരത്തുകൂടി പോകണമെന്ന് പാക്കിസ്ഥാനും ആവശ്യപ്പെട്ടിരുന്നു.

” ഭീകരവാദമോ മറ്റേതെങ്കിലും തരത്തിലുള്ള പ്രശ്നമോ ആയാലും നേരിടാനും പരാജയപ്പെടുത്താനുമുള്ള കഴിവ് ഞങ്ങൾക്കുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ലേ മുതൽ സർ ക്രീക്ക് വരെയുള്ള ഇന്ത്യയുടെ പ്രതിരോധ സംവിധാനം തകർക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തി. പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധത്തെ തുറന്നുകാട്ടിയ ഇന്ത്യൻ സായുധസേന പാക്കിസ്ഥാനിൽ എവിടെ വേണമെങ്കിലും നാശനഷ്ടമുണ്ടാക്കാൻ കഴിയും എന്ന സന്ദേശം നൽകി. ”

"ഞങ്ങളുടെ സൈനിക നടപടി  ഭീകരവാദത്തിന് എതിരെ ആയതിനാൽ സംയമനം പാലിച്ചു. സാഹചര്യം വഷളാക്കുകയായിരുന്നില്ല ഓപ്പറേഷൻ സിന്ദൂരിന്റെ ലക്ഷ്യം. ഓപ്പറേഷൻ സിന്ദൂരിന്റെ സൈനികലക്ഷ്യം സേന പൂർത്തിയാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടം തുടരും. "- രാജ്നാഥ് സിങ് പറഞ്ഞു.

Related Posts