Homepage Featured Kerala News

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടത് ലഭിച്ചു; കേരളത്തെ തഴഞ്ഞുവെന്ന് മന്ത്രിമാർ

വയനാട് പുനരധിവാസത്തിന് അനുവദിച്ച തുകയുടെ കാര്യത്തിൽ അവ​ഗണനയുണ്ടായെന്ന് മന്ത്രിമാരുടെ പ്രതികരണം. ധനകാര്യമന്ത്രി കെ.എൻ ബാല​ഗോപാലും റവന്യൂ മന്ത്രി കെ രാജനുമാണ് പ്രതികരിച്ചത്. അനുവദിച്ച തുക വളരെ വൈകിയാണ് ലഭ്യമാക്കുന്നതെന്ന് കെഎൻ ബാല​ഗോപാൽ കുറ്റപ്പെടുത്തി. മന്ത്രി കെ രാജനാണ് വിഷയത്തിൽ പ്രതികരിച്ച മറ്റൊരു മന്ത്രി. നഷ്ടപരിഹാരവും പുനരധിവാസത്തിനുള്ള തുകയുമാണ് ആവശ്യപ്പെട്ടതെന്നും പുനരധിവാസത്തിന് നൽകിയ അപേക്ഷ മാത്രമാണ് ഇപ്പോൾ പരി​ഗണിച്ചതെന്നും മന്ത്രി വിശദമാക്കി. കേരളത്തിന്റെ തലസ്ഥാനത്തെ പ്രതിനിധി കെവി തോമസും കേന്ദ്ര സർക്കാർ ധനസഹായം കുറവെന്ന് പ്രതികരിച്ചു.

“മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നഷ്ടപരിഹാരം കിട്ടേണ്ടതാണ്. മറ്റുള്ള സംസ്ഥാനങ്ങൾക്ക് കൃത്യമായി നൽകിയതിൽ തനിക്ക് ഒന്നും പറയാനില്ല. അത് അവർക്ക് അവകാശപ്പെട്ടതാണ്. എന്നാൽ അർഹതപ്പെട്ടത് ഓരോ സംസ്ഥാനങ്ങൾക്കും കിട്ടാതിരിക്കുക എന്നത് പ്രശ്നമാണ് “-മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു. ഹെലികോപ്ടർ വാടകയായും മറ്റും കേന്ദ്ര സർക്കാർ അവരുടെ ചിലവുകൾ തിരിച്ചു പിടിച്ചിരുന്നു. അതിനുള്ള വേ​ഗം പുനരധിവാസത്തിനുള്ള തുക അനുവദിക്കാൻ കാണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യായമായും സമയബന്ധിതമായും സംസ്ഥാനത്തിന് ധനസഹായം നൽകുന്നില്ലെന്നും കെ എൻ ബാല​ഗോപാൽ കൂട്ടിച്ചേർത്തു.

“ദുരന്തം നടന്ന് അഞ്ചു മാസക്കാലം വരെ ഇത് എൽ 2 വിഭാ​ഗത്തിൽ പെടുന്ന ദുരന്തമാണെന്ന് മറച്ചുവെച്ചത് കേരളത്തിന് ലഭിക്കാനുള്ള നഷ്ടപരിഹാരം നൽകാതിരിക്കാനാണ്”- കെ രാജൻ പറഞ്ഞു. 1202 കോടി രൂപയുടെ നഷ്ടം കാണിച്ച് നൽകിയ അപേക്ഷയിൽ ഇതുവരെ നടപടിയില്ല. പുനരധിവാസത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2200 കോടിക്കു പകരമാണ് 262 കോടി ഇപ്പോൾ അനുവദിച്ചത്. കെ രാജൻ പറയുന്നു.

അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കേരളത്തിന് അവകാശപ്പെട്ട ധനസഹായം കേന്ദ്രം നൽകിയില്ലെന്ന് കെവി തോമസും അഭിപ്രായപ്പെട്ടു. കേരളം ചോദിക്കുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ് ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു വേണ്ടി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന പ്രതിനിധിയാണ് കെവി തോമസ്.

വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനം ആവശ്യപ്പെട്ട 2200 കോടിക്കു പകരം 262 കോടിയാണ് അനുവദിച്ചത്. നേരത്തേ 562 കോടി നൽകിയത് വായ്പയായാണ്. ഇത് ഫെഡറൽ സംവിധാനമുള്ള രാജ്യമാണെന്നും കേരളത്തിന്റെ ന്യായമായ അവകാശമാണ് ചോദിച്ചതെന്നും കെവി തോമസ് പറഞ്ഞു. കേരളം ഈ വിഷയത്തിൽ നിന്ന് ഒളിച്ചോടാൻ ഉദ്ദേശിക്കുന്നില്ലെന്നും അവകാശങ്ങൾ ഇനിയും ചോദിക്കുമെന്നും സംസ്ഥാനത്തിന്റെ ഭാ​ഗത്ത് നിന്ന് എല്ലാ സമ്മർദ്ദങ്ങളും ചെലുത്തുന്നുണ്ടെന്നും കെ വി തോമസ് വ്യക്തമാക്കി.

Related Posts