ഗാസ: പലസ്തീനെതിരെ ഇസ്രായേലിന്റെ ആക്രമണം ഏറിവരുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് പിന്നാലെ യൂറോപ്പിലെ ഗ്രീസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
ഗ്രെറ്റയും സുഹൃത്തുക്കളും സുരക്ഷിതരാണെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പായ്ക്കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് ഗാസയിലേക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്ന സംഘടനയായ ഗ്ലോബൽ സുമുദ് ഫ്‌ളോട്ടില്ലയുടെ ഈ നീക്കം പ്രകോപനപരമാണെന്നും അഭിപ്രായപ്പെട്ടു. ജിഎസ്എഫ് സംഘത്തിന്റെ പ്രധാന ബോട്ടുകളായ അൽമ, സൂരിയസ്, അഡാറ എന്നിവ ഉൾപ്പടെ നിരവധി ബോട്ടുകൾ തടഞ്ഞുനിർത്തി അവയിൽ സൈന്യം പ്രവേശിച്ചതായി സംഘടനയുടെ അധികൃതർ പറഞ്ഞു. ഗാസ തീരത്ത് നിന്നും 70 നോട്ടിക്കൽ മൈൽ അകലെയാണ് ഇസ്രയേൽ നാവികസേന ഫ്‌ളോട്ടില്ലയെ തടഞ്ഞത്. അപകട സന്ദേശങ്ങൾ തടയുന്നതിനും നിയമവിരുദ്ധമായി ബോട്ടിൽ പ്രവേശിക്കുന്നതിനുമായി ലൈവ് സ്ട്രീം തടസ്സപ്പെടുത്താൻ വേണ്ടി ഇസ്രായേൽ സൈന്യം ഇവയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാക്കിയതായും അവർ ആരോപണമുന്നയിച്ചു.
അതേസമയം ഗാസയിൽ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രായേൽ പ്രഖ്യാപിച്ചു. ഗാസ സിറ്റി പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും സിറ്റിയിൽ അവശേഷിക്കുന്ന ഉടൻ തന്നെ ഒഴിയണമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി.
ഗാസയിൽ നിന്ന് ഒഴിയാത്തപക്ഷം അവരെ തീവ്രവാദികളോ തീവ്രവാദ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നവരോ ആയി കണക്കാക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കി. ഈ നിലപാടിനെ തുടർന്ന് നെറ്റ്സാരിമിൽ സംഘർഷം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്രയേൽ സൈന്യം. സമാധാന ചർച്ചകൾ നടത്തുന്നതിനിടയിലും ഗാസയിൽ ക്രൂരമായ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾക്കിടെയാണ് ഇസ്രയേലിൻറെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
















