ബോഗോ: ഫിലിപ്പിൻസിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തി.
സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വലിയ നാശനഷ്ടമാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിൽ ഒരു ഗ്രാമത്തിലെ നിരവധി കുടിലുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന വിലയിരുത്തലിലാണ് അധികൃതർ.
















