തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് നടന്നത് വലിയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സംഘം മാത്രം നടത്തിയത് 1100 കോടി രൂപയുടെ തട്ടിപ്പാണെന്നും സർക്കാർ ഖജനാവിന് 200 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൊടുക്കൽ വാങ്ങൽ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കൽ മാത്രമാണെന്നും സതീശൻ.
തട്ടിപ്പിനിരയായ പാവങ്ങളെ വിവരം അറിയിച്ചിട്ടും ഇല്ലെന്നും ഖജനാവിലേക്ക് എത്തേണ്ട 200 കോടി തിരിച്ചുപിടിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. “പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. കെഎസ്ഇബിയിൽ നിന്നടക്കം വ്യക്തിഗത വിവരങ്ങൾ ചോർന്നു. എസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്”, പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാർ ആസൂത്രിത ശ്രമം നടത്തുന്നുവെന്നും ആരോപിച്ച അദ്ദേഹം സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിലും സതീശൻ പ്രതികരിച്ചു. 1999ൽ 40 വർഷത്തെ ഗ്യാരണ്ടിയോട് കൂടി സ്വർണ്ണം പൂശിയത് എങ്ങനെയാണ് മങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഭാരക്കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ല? ദേവസ്വം ബോർഡുകളിലെ സ്പോൺസർമാരെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
















