ന്യൂഡൽഹി: ലഡാക്ക് സംഘർഷത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം എന്നാണ് ഹനീഫയുടെ വിമർശനം. പൊലീസ് യുവാക്കൾക്ക് നേരെ വെടിവെക്കുകയായിരുന്നു. ഇതിന്റെ ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും സർക്കാർ ജൂഡീഷ്യൽ അന്വേഷണത്തിന് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ തിരഞ്ഞു പിടിച്ച് വേട്ടയാടുകയാണെന്നും കേന്ദ്രവുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലഡാക്കിലെ യുവാക്കളുടെ പ്രതിഷേധം മുൻകൂട്ടി പ്രഖ്യാപിച്ചതാണെന്നും സർക്കാരിന് കർഫ്യൂ ഉൾപ്പെടെ പ്രഖ്യാപിച്ച് സാഹചര്യം നിയന്ത്രിക്കാമായിരുന്നു എന്നും അദ്ദേഹം വിമർശിച്ചു.
“പല വിഷയങ്ങളുമായി ബന്ധപ്പെട്ട യുവാക്കൾ പ്രതിഷേധത്തിലാണ്. അതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ഭരണകൂടം ശ്രമിച്ചില്ല. ജലപീരങ്കി പോലും അവിടെയുണ്ടായില്ല. എന്നാൽ അവർ നേരിട്ട് വെടിവെച്ചു. ജമ്മു കശ്മീരിൽ പലയിടങ്ങളിലും ഭീകരവാദം ശക്തമായിരുന്നപ്പോൾ അതിന് ചെറുത്തു തോൽപ്പിച്ചവരാണ് കാർഗിലെയും ലഡാക്കിലെയും ജനങ്ങൾ. അവരെയാണ് ദേശദ്രോഹികൾ എന്ന് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ചർച്ചകളിൽ ഞങ്ങൾ വിശ്വസിക്കുന്നു എന്നാൽ നിലവിലെ സാഹചര്യത്തിൽ ചർച്ച നടത്തിയിട്ട് കാര്യമില്ല” മൊഹമ്മദ് ഹനീഫ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാർ ലഡാക്കിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. ചർച്ചയിൽ നിന്ന് ലേ അപ്പക്സ് ബോഡിക്ക് പിന്നാലെ ചൊവ്വാഴ്ച കാർഗിൽ നിന്നുള്ള ഡെമോക്രാറ്റിക് അലയിൻസും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഇരുസംഘടനകളെയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കർഫ്യൂവിൽ ചെറിയ രീതിയിലുള്ള ഇളവ് പ്രഖ്യാപിച്ചതിനാൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറി വരികയാണ്. അതേസമയം ലഡാക്കിൽ ഇൻറർനെറ്റ് നിയന്ത്രണം ഈ മാസം മൂന്നു വരെ തുടരും.
















