Homepage Featured Kerala Local News

മുനമ്പം സമരം; ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാനത്തിന് ഹൈക്കോടതിയുടെ അനുമതി, സമരത്തിന് ഞായറാഴ്ചയോടെ താത്കാലിക വിരാമമാകുന്നു

മുനമ്പം ഭൂസമരം; 414 ദിവസത്തെ തുടർച്ചയായ പോരാട്ടത്തിനു ശേഷം ഞായറാഴ്ചയോടെ മുനമ്പത്ത് ഭൂ സമരം താത്കാലികമായി അവസാനിക്കുന്നു. കഴിഞ്ഞ ദിവസം മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് ഒരു വർഷത്തിലേറെയായി തുടരുന്ന സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചതായി ഭൂ സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.

നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഞായറാഴ്ച 2.30-ന് സമരകേന്ദ്രം നേരിട്ടു സന്ദർശിച്ച ശേഷമാകും റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പം നിവാസികളുടെ സമരം അവസാനിപ്പിക്കുക. ഭൂസംരക്ഷണ സമിതി കോർ കമ്മിറ്റി യോ​ഗത്തിന്റെ തീരുമാനപ്രകാരമാണ് സമരം അവസാനിപ്പിക്കുന്നത്.

വെള്ളിയാഴ്ചയായിരുന്നു കോർ കമ്മിറ്റി യോ​ഗം നടന്നത്. ഭൂ സംരക്ഷണസമിതി കോർ ഗ്രൂപ്പ് യോഗത്തിൽ ഫാ. ആന്റണി സേവ്യർ തറയിൽ, ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകൻ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര എന്നിവരാണ് പങ്കെടുത്തത്.

Related Posts